2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ ലോക്സഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഫേല്‍ ഇടപാടില്‍ ഭൂകമ്പം വരുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെങ്കിലും ഒരു ഭൂകമ്പവും വന്നില്ലെന്ന് മോദി പരിഹസിച്ചു. ചിലര്‍ വലിയ വിമാനങ്ങള്‍ പറത്തുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ അത്രയും ഉയരത്തില്‍ പറക്കാന്‍ ഒരു വിമാനത്തിനും സാധിച്ചിക്കില്ലെന്ന് മോദി പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ മോദി മുന്നോട്ട് വെച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. 16ാം ലോക്സഭയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി എം.പിയാകുന്ന 44 സ്ത്രീകളാണ് ഈ ലോക്സഭയിലുള്ളത്. രാജ്യത്തിന് വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ഇത് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തെ ചെറുക്കാന്‍ വേണ്ടി ഈ ലോക്സഭ നിയമങ്ങള്‍ പാസാക്കിയെന്ന് മോദി പറഞ്ഞു. ഈ ലോക്സഭ തന്നെയാണ് ജി.എസ്.ടി ബില്‍ പാസാക്കിയതും. കാലഹരണപ്പെട്ട 1,400 നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ആധാര്‍ നടപ്പാക്കിയത് ലോകത്തെ തന്നെ അതിശയിപ്പിച്ചു. ആഗോള താപനം നേരിടാന്‍ വേണ്ടി അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് രൂപീകരിക്കാന്‍ ഇന്ത്യ പ്രയത്നിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മാന്യതയുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗം ഭാവിയില്‍ ലോകത്തെ തന്നെ നയിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തിന് വേണ്ടി നൂറ് ശതമാനത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടായെന്നും മോദി പറഞ്ഞു.
Discussion about this post