ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 44 സൈനികരെ വധിച്ചുകൊണ്ട് ഭീകരര്‍ നടത്തിയ ആക്രമണം ലോകശ്രദ്ധ തന്നെ പിടിച്ച് പറ്റി. രാഷ്ട്രം കണ്ട ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ ജയ്ഷ്-ഇ-മുഹമ്മദ് (ജെ.ഇ.എം) നടത്തിയ ആക്രമണം. സൈനികരെ വഹിച്ചുകൊണ്ട് നീങ്ങിക്കൊണ്ടിരുന്ന ബസിന് നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ വന്നിടിക്കുകയായിരുന്നു. ആക്രമണത്തെ ലോകരാജ്യങ്ങള്‍ വരെ അപലപിച്ചു.
ആക്രമണത്തെപ്പറ്റി ലോക മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ:
ഇന്ത്യ കണ്ട ഏറ്റവും ഭയാനകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് ഗാര്ഡിയന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 19 കൊല്ലത്തിനിടെ കാര്‍ ബോംബ് ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ ആക്രമണമാണിത്. ഇതിന് മുന്‍പ് കാര്‍ ബോംബ് ആക്രമണം ഉണ്ടായത് 2000ലാണ്. ആക്രമണം നടത്തിയ ജയ്ഷ്-ഇ-മുഹമ്മദിനെ ഒരു ഭീകര സംഘടനായി യു.എന്നും ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഘടനയ്ക്ക് പാക്കിസ്ഥാനുമായും ബന്ധമുണ്ടെന്ന് ഗാര്ഡിയന് പറയുന്നു. സംഘടനയുടെ നേതാവ് മസൂദ് അസറിനെ ഒരു ഭീകരവാദിയായി ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും ചൈനയാണ് തടസ്സം നില്‍ക്കുന്നതെന്നും ഗാര്ഡിയന് അഭിപ്രായപ്പെട്ടു. ജയ്ഷ്-ഇ-മുഹമ്മദ് തന്നെയാണ് 2016ല്‍ ഉറിയില്‍ സൈനിക ക്യാംപില്‍ ആക്രമണം നടത്തിയത്.
ഭീകരവാദം കശ്മീരില്‍ ആരംഭിച്ചതിന് ശേഷം സുരക്ഷാ സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും മോശം ആക്രമണമാണിതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആണവ ശക്തികളായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബന്ധം ഈ ആക്രമണം വഷളാക്കുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടു. അതേസമയം രാഷ്ട്രത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. വ്യാഴാഴ്ച നടന്ന ആക്രമണം വളരെ അസ്വാഭാവികമാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളാണെടുത്തിട്ടുള്ളതെന്ന് സി.എന്‍.എന്നും ശരിവെക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ കശ്മീരിന്റെ പേരില്‍ നടന്ന ആക്രമണങ്ങളില്‍ 47,000ത്തിലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സി.എന്‍.എന്‍ ചൂണ്ടിക്കാട്ടുന്നു.
ആക്രമണത്തെ അപലപിക്കുക തന്നെയാണ് സൗത്ത് ചൈന മോണിങ് പോസ്റ്റും ചെയ്തത്. ആക്രമണത്തിന് ശേഷം ഇന്ത്യയുടെ സംശയം പാക്കിസ്ഥാനെതിരെ ഉടന്‍ തന്നെ വീണുവെന്നും പത്രം പറയുന്നു. അതേസമയം ഇന്ത്യയുടെ സൈനികര്‍ കശ്മീരില്‍ എല്ലായിടത്തുമുണ്ടെന്നും പ്രാദേശിക നിവാസികള്‍ ഇതിനെതിരെ പ്രതിഷേധമുയര്ത്തുന്നുണ്ടെന്നും പത്രം പറഞ്ഞു.
Discussion about this post