സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന് 27 വയസ്സ്.കേസില്‍ 2 വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റിലാവുകയും വൈദികരിലൊരാളെ വിചാരണ കൂടാതെ വെറുതേ വിടുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. 16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നല്കി.
പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരെയും സിബിഐ 2009 ജൂലൈ 17-ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയില്‍ പ്രതികള്‍ നല്കിയ ഹര്‍ജി 9 വര്‍ഷത്തിന് ശേഷം 2018 മാര്‍ച്ച് 7 നാണ് സിബിഐ കോടതി തീര്‍പ്പാക്കിയത്.
കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികളും ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണകൂടാതെ വെറുതെവിട്ടതിനെതിരെ ജോമോന് പുത്തന്പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീലുകള്‍ നല്കി. മൂന്ന് പതിറ്റാണ്ടാകുമ്പോഴും സിസ്റ്റര്‍ അഭയയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
Discussion about this post