എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ എത്തിയതോടെ പ്രവചാനതീതമായ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് ചാലക്കുടി. വികസന മുരടിപ്പും, മറ്റ് രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയായിരുന്ന ചാലക്കുടിയില്‍ ശബരിമല വിഷയം മുഖ്യ ചര്‍ച്ചാ വിഷയമാക്കിയാണ് എ.എന്‍ രാധാകൃഷ്ണന്‍ മണ്ഡലത്തെ ഇളക്കിമറിക്കുന്നത്.
ഇത്തവണ ചാലക്കുടി മാറി ചിന്തിക്കുമെന്നും എന്‍ഡിഎ അപ്രതീക്ഷിത വിജയം നേടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നിലവിലെ എംപി ഇന്നസെന്റിനോടുള്ള എതിര്‍പ്പ് എന്‍ഡിഎയ്ക്ക് അനുകൂലമായി മാറിയിട്ടുണ്ട്. ശബരിമല വിഷയം മണ്ഡലത്തില്‍ മുഖ്യ ചര്‍ച്ചയായെന്നും, സിപിഎം കുടുംബങ്ങളില്‍ നിന്നുള്ള വോട്ട് പോലും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിയില്‍ നിന്ന് നേതൃത്വം നല്‍കിയ നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലെല്ലാം മുന്‍ നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ശബരിമലയിലെ വിശ്വാസ സമൂഹത്തെ തകര്‍ക്കുന്ന നിലപാടെടുത്ത ഇടത് മുന്നണിയ്‌ക്കെതിരെ മണ്ഡലത്തില്‍ വലിയ ജനവികാരമുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് സിപിഎം അംഗങ്ങളും അനുഭാവികളും കൂട്ടത്തോടെ എത്തുകയാണെന്നത് മണ്ഡലത്തിന്റെ വികാരത്തിന്റെ പ്രതിഫലനമാണ്. ശബരിമലയിലേത് ഉള്‍പ്പടെ സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് രായമംഗലം പഞ്ചായത്തിലെ ഒമ്പത്‌പേര്‍ ബിജെപിയില്‍ ചേര്‍ന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 153ാം നമ്പര്‍ ബൂത്ത് കമ്മിറ്റി സെക്രട്ടറി മണി, വി.ആര്‍. സിനോജ്, വിനോദ്, ഷിനു, കെ.കെ. വിശ്വനാഥന്‍, പി.എന്‍. രതീഷ്, ദീപ സന്തോഷ്, രഞ്ചിനി അടക്കമുള്ളവരാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിക്കതിരെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിറകെ 126 കേസുകള്‍ കൂടി സര്‍ക്കാര്‍ ചുമത്തിയിരുന്നു. ഇതോടെ വീണ്ടും പത്രിക നല്‍കേണ്ട സാഹചര്യവും വന്നു ചേര്‍ന്നു. ശബരിമലയിലെ ആചാരലംഘനത്തിനായി നിലകൊണ്ടതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറയുന്നു. ജനാധിപത്യ മര്യാദയില്ലാത്ത വേട്ടയാടലിന്റെ രാഷ്ട്രീയമാണ് സിപിഎമ്മിന്. ഇത് വിശ്വാസ സമൂഹത്തിന് മനസിലായിട്ടുണ്ട്. എല്ലാ മതവിശ്വാസികളുടെയും പിന്തുണ തനിക്കുണ്ടെന്നും എ.എന്‍ രധാകൃഷ്ണന്‍ പറയുന്നു.
വിവിധമതങ്ങളില്‍ പെട്ട ആചാര്യന്മാരാണ് മത്സരിക്കാന്‍ കെട്ടിവെക്കേണ്ട തുക സംഭാവനയായി നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസ അധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പസ്,ശബരിമല മുന്‍ മേല്‍ശാന്തി പി വി നാരായണന്‍ നമ്പൂതിരി, ഡോ.ഷെയ്ക് യൂസഫ് സുല്‍ത്താന്റെ മകന്‍ നിസാമുദ്ദീന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ കെട്ടി വെയ്ക്കാനുള്ള പണം നല്‍കിയത്. വലിയ പിന്തുണയാണ് ന്യൂനപക്ഷ സമുദായത്തില്‍ പെടുന്നവരില്‍ നിന്ന് ബിജെപിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് യുഡിഎഫ് കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും, അത് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നുമാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ മണ്ഡലത്തില്‍ ശക്തമായ ജനവികാരമുണ്ട്. യാതൊരു കഴിവുമില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് ഇന്നസെന്റ് എന്ന് മണ്ഡലം തിരിച്ചറിയുന്നുണ്ട്. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും പാര്‍ട്ടി എന്തോ താല്‍പര്യത്തിന്റെ പുറത്ത് അദ്ദേഹത്തെ കളത്തിലിറക്കിയിരിക്കുകയാണ്. അതേസമയം യുഡിഎഫ് ക്യാമ്പിലും കനത്ത അസ്വസ്ഥതയുണ്ട്. പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തടക്കം മുതലെ ബെന്നി ബെഹന്നാന്റെ പ്രചരണത്തെ ബാധിച്ചിട്ടുണ്ട്. സ്ഥിരം വോട്ടു ബാങ്കുകള്‍ കോണ്‍ഗ്രസിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സാഹചര്യമാണെന്നും എന്‍ഡിഎ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
ചാലക്കുടി ലോകസഭ മണ്ഡലത്തിലെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്ന് മണ്ഡലത്തിലെ ആവശ്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ബിജെപി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ അവ നടപ്പാക്കുമെന്ന് എം.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്നാമത്തേത് കാലടി, മലയാറ്റൂര്‍ പള്ളി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, കൊടുങ്ങല്ലൂര്‍ അമ്പലം എന്നിവ ചേര്‍ത്തുള്ള പില്‍ഗ്രിം ടൂറിസം പദ്ധതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നടപ്പാകാത്ത ശബരി റെയില്‍ യാഥാര്‍ത്ഥ്യമാക്കും. ഗംഗാ ശുചീകരിച്ച മാതൃകയില്‍ പെരിയാറിനെ ശുചീകരിക്കും. കൊച്ചി നഗരമടക്കമുള്ള വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലം എത്തിക്കുന്നത് പെരിയാറില്‍ നിന്നാണ്. അതിനാല്‍ പെരിയീറിന്റെ ശുചീകരണം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
് ചാലക്കുടിയുടെ പ്രതിനിധിയാകാന്‍ അവസരം ലഭിച്ചാല്‍ കൊച്ചി മെട്രോ റെയില്‍ അങ്കമാലി വരെ എത്തിക്കും. വ്യവസായ, വിദ്യാഭ്യാസ ഹബ്ബിനു രൂപം നല്‍കും. കൊടുങ്ങല്ലൂര്‍, കയ്പമംഗലം തുടങ്ങിയ കടലോര മേഖലകളില്‍ മത്സ്യസമ്പത്ത് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താവളവും അനുബന്ധ സംവിധാനങ്ങളും നേരായ ദിശയില്‍ വികസിപ്പിക്കും. ടൂറിസത്തിന്റെ സാധ്യതകള്‍ പരിസ്ഥിതി സൗഹൃദമായി പ്രയോജനപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥി പറയുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ രംഗത്തെ അപ്രതീക്ഷിത മുന്നേറ്റം എതിര്‍പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ബിജെപി അത്രയൊന്നും ശക്തിയില്ലാത്ത മേഖലകളില്‍ പോലും എ.എന്‍ രാധാകൃഷ്ണന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇരുവിഭാഗത്തെയും അമ്പരപ്പിക്കുന്നത്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുണ്ടെന്നും, മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമായിരിക്കുകയാണെന്നും എല്ലാ മുന്നണികളിലുള്ളവരും സമ്മതിക്കുന്നു.
Discussion about this post