ഷാര്‍ലറ്റിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. പരുക്കേറ്റ നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വൈകീട്ട് 5.45 ഓടെ യൂണിവേഴ്സിറ്റിയിലെ കെന്നഡി ഹാള്‍ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനു സമീപത്തായാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അധ്യയന വര്‍ഷത്തിലെ അവസാന ദിന ക്ലാസുകള്‍ കഴിയുന്ന സമയത്താണ് വെടിവയ്പുണ്ടായത്. അടുത്ത ആഴ്ച അവസാന വര്‍ഷ പരീക്ഷ തുടങ്ങാനിരിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയില്‍ ഏകദേശം 26,500 കുട്ടികള്‍ പഠിക്കുന്നുണ്ട്. 3,000 ജോലിക്കാരും യൂണിവേഴ്സിറ്റിയിലുണ്ട്.
2007 ഏപ്രില്‍ 16 ന് യുഎസിലെ ബ്ലാക്സ്ബര്‍ഗിലെ വിര്‍ജിനിയ ടെക് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ് നടന്നിരുന്നു. ദക്ഷിണ കൊറിയയില്നിന്നുളള വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പു നടത്തിയശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു.
Discussion about this post