കോഴിക്കോട് ; ലാളിച്ച് വളർത്തിയ മകളുടെ ശബ്ദത്തിനു ആ അച്ഛനെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാനായെങ്കിൽ ..അതെ ആര്യ എന്ന പതിനഞ്ചു വയസുകാരി കാത്തിരിക്കുന്നത് ആ ഒരു ദിവസത്തിനായാണ് . കഴിഞ്ഞ ദിവസം എസ് എസ് എൽ സി പരീക്ഷയുടെ ഫലം വന്നപ്പോൾ മുതൽ ആര്യ തന്റെ അച്ഛനെ വിളിക്കുകയാണ് തനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത് അറിയിക്കാൻ .
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോട്ടയത്ത് വെച്ച് നടന്ന വാഹനാപകടമാണ് കോഴിക്കോട് മാലാപ്പറമ്പ് സ്വദേശി രാജന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തകര്‍ത്തത്. കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ രാജനെ ഓട്ടോയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രക്തസ്രാവം കൂടുകയും നീര് വെക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയിലായി. അതിപ്പോൾ കണ്ണൂർ ആശുപത്രിയിൽ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ് .
ഓർമകൾ തിരിച്ചുകിട്ടിയാൽ മാത്രമെ ഇനി തുടർ ചികിത്സകൾ നടത്താനാകൂ. ലക്ഷങ്ങൾ ഇതിനകം ചെലവായി. വാടക വീട്ടിൽ കഴിയുന്ന ഭാര്യക്കും മകൾക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈൻ ജീവനക്കാരനായ രാജൻ.
പിതാവിന് പരിക്കേറ്റതിന് ശേഷം ഒന്നര മാസത്തോളം ആര്യ സ്കൂളിൽ പോയില്ല. രാജന്‍റെ ഓർമയെ ഉണർത്താൻ മകളുടെ ശബ്ദത്തിന് സാധിക്കുമെന്ന് ഡോക്ടർമാരും അമ്മ സബിതയും കരുതിയിരുന്നത്. അതിനായി ഡോക്ടർമാരുടെ നിർദേശപ്രകാരം അച്ഛന്‍റെ അടുത്തിരുന്ന് ഉറക്കെ വായിച്ചു അവൾ പഠിച്ചു. ഉറക്കൊഴിഞ്ഞ് അച്ഛനൊപ്പമിരുന്നു .
ഇന്നിപ്പോൾ ആര്യയോട് ഭാവിയെ കുറിച്ച് ചോദിച്ചാൽ പറയാൻ ഒന്നു മാത്രം ,ഡോക്ടറും,എഞ്ചിനീയറും ഒന്നുമാകണ്ട, പകരം എന്റെ അച്ഛന് മരുന്ന് വാങ്ങാൻ , ഓരോ ദിവസവും മുന്നോട്ട് കൊണ്ടു പോകാൻ കഴിയണം ,അതുമാത്രം മതി , ഈറനണിഞ്ഞ് ആര്യയുടെ വാക്കുകൾ..
Discussion about this post