ഏറെ കാത്തിരുന്ന ഒരു സിനിമയായിരുന്നു നരിവേട്ട. കാരണം അത് കൈകാര്യം ചെയ്ത വിഷയം തന്നെ. മെയിൻസ്ട്രീം സിനിമകൾ അവഗണിച്ചകേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഏറെ ഗൗരവ സ്വഭാവമുള്ള ഒരു സംഭവമാണ് പ്രമേയം. അതുകൊണ്ട് ഈ സിനിമ കൈകാര്യം ചെയ്ത വിഷയത്തെക്കുറിച്ച് ഇന്നത്തെ തലമുറയോട് സിനിമയെക്കുറിച്ച് പറയുന്നതിന് മുമ്പ് തന്നെ പരാമർശിക്കേണ്ടതുണ്ട്. ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ പിറകിലുള്ളവരുടെ രാഷ്ട്രീയവും പശ്ചാത്തലവും താൽപ്പര്യങ്ങളും ഒക്കെ രഹസ്യമായ ഒന്നല്ല. എന്നാലും പകർത്താൻ ശ്രമിച്ചിട്ടുള്ള വിഷയം, ആനുകാലിക പ്രസക്തി ചോരാത്തതും, ഇന്നത്തെ സമൂഹത്തിന്റെ ശ്രദ്ധയിൽ തിരിച്ചെത്തേണ്ടതുമായ ഒന്നാണ്. അത് സമൂഹ മന:സാക്ഷിയുടെ മുന്നിൽ അനാവ്രതമാക്കേണ്ട കുഴിച്ചു മൂടപ്പെട്ട പല പൊള്ളുന്ന സത്യങ്ങളും പുറത്തെടുക്കുന്നതാണ് എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചതുമാണ്. ചില വിഷയങ്ങളിൾ, നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനും തത്വശാസ്ത്രങ്ങൾക്കും അപ്പുറം ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യണം. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട, അവഗണിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുക എന്നത് അത്തരത്തിലുള്ള വിഷയമാണ്. അത് ആരുടേയും കുത്തകയും അട്ടിപ്പേറുമല്ല. മനുഷ്യൻ എന്ന നാലക്ഷരം നെറ്റിയിൽ പേറുന്ന ഓരോ ഇരുകാലികളുടെയും കടമയാണ്, ബാധ്യതയാണ്, ധർമ്മമാണ്.
മുത്തങ്ങ സംഭവത്തെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് അക്കാലത്തെ എല്ലാ പത്രമാദ്ധ്യമങ്ങളുടെയും മുൻപേജിൽ തന്നെ അടിച്ചു വന്ന, എന്നാൽ മലയാളികൾ മനഃപൂർവം തമസ്ക്കരിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. അടികൊണ്ട് നീരുവന്ന് വിങ്ങിയ മുഖവുമായി സികെ ജാനുവിനേയും, അടി പതറിക്കൊണ്ട് നിൽക്കുന്ന ദുർബലനും കൃശഗാത്രനുമായ ഗീതാനന്ദനെയും ആർപ്പുവിളികളോടെ ചുറ്റും കൂടിയ “നാട്ടുകാരുടെ” മദ്ധ്യത്തിൽ പ്രദര്ശനവസ്തുക്കളെപ്പോലെ നടത്തി വന്നു പോലീസുകാർ ബലം പ്രയോഗിച്ച് വാനിലേക്ക് കയറ്റാൻ നിൽക്കുമ്പോൾ പകർത്തിയ ഒരു ചിത്രം. പരിഷ്കൃതർ എന്നവകാശപ്പെടുന്ന കേരളസമൂഹം ലജ്ജിച്ചു തല താഴ്ത്തേണ്ട ഒന്നാണ് ആ ഒരു ചിത്രവും ആ ദൃശ്യത്തിലേക്ക് എത്തിയ സംഭവവും അതിന്റെ മുൻപും പിമ്പും മാറിമാറി വന്ന ഭരണകൂടങ്ങളും ഭൂമിയുടെ ഉടയോന്മാരോട് ചെയ്ത കൊടും ചതികളുടെ ചരിത്രവും. പുറത്ത് വന്ന കണക്ക് പ്രകാരം ഏതാണ്ട് ഇരുപതിനായിരം കോടിയിലേറെ രൂപ “ഉദ്ധരിക്കാൻ” വേണ്ടി സ്റേറ്റ് ചിലവിട്ടുവെന്ന് അവകാശപ്പെടുന്ന ഈ കേരളത്തിലെ വനവാസി സമൂഹത്തിന്റെ ഇന്നും തുടരുന്ന അവസ്ഥ കാണുമ്പോൾ, ഇവിടെ ഇതുവരെ ഭരണം കയ്യാളിയിരുന്നവരെ അവജ്ഞയോടെയല്ലാതെ കാണാൻ കഴിയില്ല. ഈ ഒരു പശ്ചാത്തലം മനസ്സിൽ വെച്ച് കൊണ്ട് ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു സിനിമയായിരുന്നു നരിവേട്ട. ജാതിയും മതവും, രാഷ്ട്രീയ ചായ്‌വുകളും, കച്ചവട താല്പര്യങ്ങളുമൊക്കെ വ്യക്തിതാല്പര്യങ്ങളായി ഒളിച്ചും തെളിച്ചും സിനിമയെ കയ്യടക്കിക്കഴിഞ്ഞ ഈ കാലത്ത് ഒരു സിനിമയിലൂടെ അതിന്റെ സൃഷ്ടാക്കൾക്ക് എത്ര മാത്രം സത്യസന്ധത പുലർത്താൻ കഴിയും എന്നറിയാനുള്ള കൗതുകത്തോടെ കാണാനിരുന്ന സിനിമ.
എന്റെ ഓർമ്മയും ധാരണയും ശരിയാണെങ്കിൽ, ഈ മുത്തങ്ങ സമരത്തിന് മുന്നോടിയായി നടന്ന സെക്രട്ടറിയേറ്റിന് മുമ്പിലെ കുടിൽ കെട്ട് സമരം അവസാനിപ്പിക്കുമ്പോൾ ഉണ്ടായ “ഒത്തുതീർപ്പ്” ധാരണപ്രകാരം ആദിവാസികൾക്ക് അനുവദിക്കാനുള്ള ലാൻഡ് പാഴ്സലും, അർഹതയുള്ളവരുടെ കണക്കുമൊക്കെ അക്കാലത്ത് തന്നെ തയ്യാറാക്കിയിരുന്നു. എന്നാൽ ഇന്നും ഈ നാട്ടിൽ ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും അത് ശരിയായ ഗുണഭോക്തതാക്കളുടെ പക്കലേക്ക് പതിറ്റാണ്ടുകൾക്ക് ശേഷവും അത് വിതരണം ചെയ്തിട്ടില്ല. പ്ലാന്റേഷൻ മാഫിയകളുടെയും, കുടിയേറ്റ മാഫിയകളുടെയും സമ്മർദ്ദത്തിന് വഴങ്ങി ആ ഒത്തുതീർപ്പ് ധാരണ തോട്ടിലെറിഞ്ഞത് കൊണ്ട് മാത്രമാണ് ആ പാവങ്ങൾ മുത്തങ്ങയിലേക്ക് കൂടും കുടുക്കയും കെട്ടിപ്പെറുക്കി കുടിൽ കെട്ടി സമരത്തിന് നിര്ബന്ധിതരായി ഇറങ്ങിയത്. അന്ന് ആ സമരത്തിന്റെ എതിർ ചേരിയിൽ നിൽക്കുകയും മാഫിയകൾക്ക് വേണ്ടി അട്ടിമറിക്കാൻ മുന്നോട്ടിറങ്ങുകയും പല മഹാന്മാരും, ഇന്ന് അധികാര സ്ഥാനങ്ങളിൽ അമർന്നിരുന്ന് മാനവികത പ്രസംഗിക്കുന്നുണ്ട്. സികെ ജാനുവിന്റെ ആത്മകഥയിൽ അതിനെക്കുറിച്ചൊക്കെ പരാമർശങ്ങളുമുണ്ട്. എന്തൊക്കെ ഉൾപ്രേരണകൾ വെച്ചായിരുന്നെങ്കിലും വീഎസ് അന്ന് സമരഭൂമി സന്ദർശിക്കുകയും, അദ്ദേഹത്തിന്റെ ‘നടപ്പിലാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും’ കൊടുത്ത പൊള്ള വാഗ്ദാനങ്ങളിൽ ദീർഘമായ ലിസ്റ്റിലുള്ള ചിലതൊക്കെ അവർക്ക് നൽകുകയും ചെയ്തിരുന്നു എന്നൊരു ഓർമ്മയുമുണ്ട്.
ഇനിയങ്ങോട്ട് ചില സ്‌പോയ്‌ലറുകൾ കാണും, കാണാൻ ഉദ്ദേശിക്കുന്നവർക്ക് തുടർന്ന് വായിക്കാതിരിക്കാം.
==================================
ആമുഖമായി പറയട്ടെ. നരിവേട്ടയ്ക്ക് മുത്തങ്ങയിൽ നടന്നതിനോടും, അതിലേക്ക് എത്തിച്ചേർന്നതും, അതിന് ശേഷം ഉണ്ടായിട്ടുള്ളതുമായ സംഭവങ്ങളോടും നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ കേരളം ഇവിടുത്തെ കാടിന്റെ ഉടയോന്മാരോട് ചെയ്ത അനീതികളുടെ പരമ്പരകളുടെ കൂട്ടത്തിൽ ചേർത്തു വെയ്ക്കാവുന്ന ഒന്നാണ് നരിവേട്ടയും. എന്തൊക്കെയാണ് ഇവിടുത്തെ വനവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ? അവരെ ചൂഷണം ചെയ്തുവരുന്നതും, അവർക്ക് നീതി നിഷേധിച്ചതും ആരൊക്കെയാണ്? അതിലേക്ക് എത്തിയ ചരിത്രപരമായ പശ്ചാത്തലം എന്താണ്? അവരോട് മാറി മാറി വരുന്ന സർക്കാരുകളും, സംവിധാനങ്ങളും കാണിച്ച നെറികേടുകൾ എന്തൊക്കെയാണ്? ഇതിൽ അവസാനത്തെ ചോദ്യത്തിന് മാത്രം തൊലിപ്പുറം ചൊറിയുന്ന തരത്തിൽ ഒരു ഉത്തരം നൽകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിലുമപ്പുറമുള്ള യാതൊരു വിധത്തിലുമുള്ള ബൗദ്ധീകമായ സത്യസന്ധത സംവിധായകനായ അനുരാജ് മനോഹറും, എഴുത്തുകാരനായ അബിൻ ജോസഫും പുലർത്തിയിട്ടില്ല എന്ന് തന്നെ എടുത്ത് പറയണം. ഒടുവിൽ യുപിയിൽ നിന്നും വന്ന വരത്തന്റെയും, തമിഴന്റേയും ഒക്കെ തലയിൽ ഓരോ മലയാളിയുടെയും ഓഹരിയിലുള്ള ആ പാപഭാരം അസ്സലായി കെട്ടി വെയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.
പോലീസ് വാനിൽ വരെ നിസ്കരിക്കുന്ന നീതിമാനും നന്മകളുടെ തുളുമ്പുന്ന നിറകുടങ്ങളേയും, ക്രൂരരും നിഷ്ടൂരരും, കുടിവെള്ളത്തിൽ വരെ നഞ്ചു കലർത്തുന്നവരുമായ വരത്തന്മാരെയും രണ്ടു തലയ്ക്കൽ കൊണ്ട് നിർത്തുന്നതിൽ നിന്ന് തന്നെ ഇന്നത്തെ സിനിമകാലിലൂടെ മനപ്പൂർവം നടത്തുന്ന പൊതുബോധ നിർമ്മിതിയുടെ അടയാളങ്ങളാണ് എന്ന് തോന്നുന്നതിൽ തെറ്റ് കാണാൻ കഴിയില്ല. ഏതായാലും ചില കാര്യങ്ങളിൽ മാത്രം കരുണ കാണിച്ചിട്ടുണ്ട്. ഗോത്രവർഗ മേഖലയിലെ ഇടതു പ്രസ്ഥാനങ്ങളുടെ കയ്യാളരുടെ കണ്ണിലെ കരടായിരുന്ന ശാന്തിയുടെയും, മധുവിന്റെയും കയ്യിൽ ചെങ്കൊടി പിടിപ്പിക്കാത്തതും, അവരുടെ ചുവരുകളിൽ ചെഗുവേരയുടെയും മാർക്സിന്റേയും ഈഎംഎംഎസിന്റേയും ചിത്രങ്ങൾ തൂക്കാത്തതും… ഒടുവിൽ വർഗീസിന്റെ ഭൂതകാലത്തിൽ, അയാൾ ക്യാമ്പസിലെ ചെന്താരകമായിരുന്ന വിപ്ലവകാരി സഖാവായിരുന്നുവെന്ന് കാണിക്കാത്തതും… കുറച്ചു കാലമായി മലയാളം സിനിമയിൽ സ്ഥിരം തുടർന്ന് വന്നിരുന്ന ആ അശ്ളീലങ്ങൾ ഒഴിവാക്കിയതിന് നന്ദി.
ഏതായാലും അനുരാജിന്റെ ക്രാഫ്റ്റ് കൊള്ളാം, ആക്ഷൻ സീക്വെൻസുകൾ ഒക്കെ തീവ്രത നഷ്ടപ്പെടാത്ത രീതിയിൽ തന്നെ ഫിലിം ചെയ്തിട്ടുണ്ട്. ടോവിനോയും, ചേരനും, സുരാജ് വെഞ്ഞാറമ്മൂടും, ആര്യ സലീമും അടക്കമുള്ള അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ടോവിനോയും ചേരാനും പ്രത്യേകിച്ച്.. ജെയ്ക്ക്സ് ബിജോയുടെ ഈണങ്ങൾ, അദ്ദേഹത്തിന്റെ തന്നെ മുമ്പ് കേട്ട പഴയ കമ്പോസിഷനുകളെ അനുസ്മരിപ്പിച്ചു. ഛായാഗ്രഹണവും എഡിറ്റിങ് പാറ്റേണുമൊക്കെ സിനിമ കൊണ്ട് ഉദ്ദേശിച്ച അന്തരീക്ഷം സൃഷ്ടിക്കാൻ സംവിധായകന്റെ കൂടെ നിന്നിട്ടുണ്ട്. പക്ഷെ പാളിയത് തിരക്കഥയിലാണ്. ഒന്നാമത് വർഗീസിന്റെ പശ്ചാത്തലം എസ്റാബ്ളിഷ് ചെയ്യുന്ന ആദ്യ ഭാഗം വല്ലാതെ വലിച്ചു നീട്ടിയിട്ടുണ്ട്. അതിൽ നിന്നും പ്രേക്ഷകർക്ക് പകർന്നു നൽകുന്ന അയാളുടെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണകളെ ഒക്കെ മാറ്റി മറിക്കുന്ന രീതിയിലുളള മലക്കം മറിച്ചലാണ് പിന്നീട് ആ കാരക്ടറിന് നൽകുന്നത്. കടന്നു പോയിക്കൊണ്ടിരിക്കുന്ന തീവ്രമായ അനുഭവങ്ങൾ ഒരുപക്ഷെ നമ്മുടെ കാരക്ടറിനെ മാറ്റി മറിക്കും എന്ന ഒരു ന്യായീകരണം അംഗീകരിക്കാം എങ്കിലും അതിലൊക്കെ ഒരു പ്രോസസും, ടൈം ലൈനും ഉണ്ട്.. അല്ലെങ്കിൽ പ്രേക്ഷകർക്ക് ആ കാരക്ടറിനോടും അയാളുടെ ട്രാൻസ്ഫോർമേഷനോടും എമ്പതൈസ് ചെയ്യാൻ കഴിയില്ല. അതെ സമയം അവിടുന്നങ്ങോട്ട് ആ മാറിയ കാരക്ടറിന്റെ പ്രകടനങ്ങൾ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ‘ക്രിഞ്ച്’ ആയി തോന്നിപ്പിക്കുന്നതിന്റെ കാരണവും അതാണ്. പോലീസ് ആക്ഷൻ സീക്വൻസുകളിലും മറ്റും വർഗീസ് കാണിക്കുന്ന കാര്യങ്ങളോട് പ്രേക്ഷകർക്ക് ഒരു അനുതാപം തോന്നിക്കാതിരിക്കാനും കാരണം അതാണ്.
ഏതായാലും മുത്തങ്ങ സംഭവം അന്ന് മാധ്യമങ്ങൾ വളരെ ആഴത്തിൽ തന്നെ കവർ ചെയ്തതാണ്. സമരക്കാർ ബന്ദിയാക്കി എന്ന് പറയപ്പെടുന്ന ദളിത് പോലീസുകാരൻ വിനോദിന്റെ രക്തം വാർന്നുള്ള മരണമാണ്, പോലീസിന്റെ നരനായാട്ടിന് കാരണമായത് എന്നും. തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ ജോഗി എന്നൊരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു എന്നുമാണ് പുറം ലോകത്തോട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അനൗദ്യോഗികമായി നാലോളം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നും അതിന് ശേഷം ഊരുകളിൽ തിരികെ എത്താതെ പോയ പലരുമുണ്ടെന്നുമുള്ള അഭ്യൂഹങ്ങളും പിന്നീട് പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും അന്നും അവർ ചെയ്ത സമരത്തിന് ഹേതുവായ വിഷയം ഇന്നും പരിഹാരം കാണാതെ ഇരിക്കുകയാണ് എന്നുള്ള പച്ചയായ യാഥാർഥ്യത്തിന് മുന്നിൽ നീതി പുലർത്താത്ത ഒരു ചലച്ചിത്ര ഭാഷ്യം മാത്രമായി അവശേഷിക്കുന്നതാണ് നരിവേട്ട. നരിവേട്ട തീയറ്ററുകളിൽ.
Discussion about this post