വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്നിലെ പാലം പണിയ്ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടും പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി എം.പി . നിര്‍മ്മാണം പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന് എം.പി ജില്ലാ കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് നിര്‍മ്മാണം വൈകിയതെന്നും രണ്ട് ദിവസത്തിനകം ഫയല്‍ കളക്ടറെറ്റില്‍ എത്തിക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ നിഷേധനിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. ഫയല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നീങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
മഴക്കാലത്ത് ചുറ്റും വെള്ളം ഉയരുന്നതിനാല്‍ മാങ്കോട്ടുക്കുന്നിലെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ സാധിക്കാറില്ല. മഴയുള്ള മാസങ്ങളില്‍ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ഒറ്റപ്പെടും. ഈ ദുരിതത്തെക്കുറിച്ച് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി എം.പി കഴിഞ്ഞ ജൂലൈയിലാണ് 35 ലക്ഷം രൂപ നടപ്പാലത്തിനായി പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണം എന്നായിരുന്നു നിര്‍ദ്ദേശം . എന്നാല്‍ വര്‍ഷം ഒന്ന് കഴിയാറായിട്ടും ഫയല്‍ നീങ്ങിയില്ല . ഇതിനെ തുടര്‍ന്നാണ് പതിനഞ്ച് ദിവസത്തിനകം പണി ആരംഭിച്ചില്ലെങ്കില്‍ അനുവദിച്ച ഫണ്ട് പിന്‍വലിക്കും എന്ന് കളക്ടര്‍ക്ക് സുരേഷ്ഗോപി എം.പി മുന്നറിയിപ്പ് നല്‍കിയത്.
Discussion about this post