13 യാത്രക്കാരുമായി കാണാതായ വ്യോമസേനയുടെ റഷ്യൻ നിർമിത ആന്റണോവ് എ.എൻ32 വിമാനത്തെക്കുറിച്ച് 125 മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരമൊന്നുമില്ല. തിങ്കളാഴ്ച കാണാതായ വിമാനത്തിന് വേണ്ടി നാവികസേനവും വ്യോമസേനയും നാട്ടുകാർ, ലോക്കൽ പൊലീസ്, സംസ്ഥാന സർക്കാർ, പാരാ മിലിട്ടറി തുടങ്ങിയവരുടെ സഹായത്തോടെ തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥയും ജനവാസമില്ലാത്ത മലയോര മേഖലയിലേക്ക് എത്താനുള്ള പ്രയാസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.
അസാമിലെ ജോർഹെഡിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പറന്ന എ.എൻ.32 വിമാനമാണ് കാണാതായത്. വിമാനത്തിൽ മലയാളിയായ ഫ്ലൈറ്റ് എഞ്ചിനീയർ അനൂപ് കുമാരിനെ കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങൾ അടക്കം 13 പേർ ഉണ്ടായിരുന്നു. വിമാനം കണ്ടെത്തുന്നതിന് സുഖോയ് 30 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടക്കുന്നതായി വ്യോമസേന അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
വിമാനം അവസാനം റഡാറിൽ കണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലത്തിന് ചുറ്റുമുള്ള 1000 ചതുരശ്ര കിലോമീറ്റർ ദൂരം വ്യോമസേന അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Discussion about this post