തിരുവനന്തപുരം: തെരുവുനായകളെ കൊന്നൊടുക്കാമെന്ന നിയമസെക്രട്ടറിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രംഗത്ത്.
തെരുവുനായകളെ കൊല്ലരുതെന്ന് നിര്‍ദേശിച്ചുള്ള അറിയിപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനകം നല്‍കുകയും സെക്രട്ടറിമാരെ മന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ തെരുവ് നായ്ക്കളുടെ ശല്യം ഒവിവാക്കാനിനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് അധികൃതര്‍.
തെരുവുനായകളെ കൊല്ലുന്നത് കേന്ദ്ര മൃഗക്ഷേമ വകുപ്പ് നേരത്തെ തന്നെ നിരോധിച്ചിരുന്നു. മൃഗസംരക്ഷണ നിയമമനുസരിച്ച് ഇത് ശിക്ഷാര്‍ഹമായിരുന്നു. എന്നാല്‍ ഇവയുടെ ശല്യം വര്‍ധിച്ചതോടെ വിഷയം കോടതികയറി. പൊതുജീവിതത്തിന് ശല്യമുണ്ടാക്കുന്ന തെരുവുനായകളെ കൊല്ലുന്നതിന്റെ നിയമവശം പുനപരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ചിനെതന്നെ ചുമതലപ്പെടുത്തി. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്നപരിഹാരത്തിന് നിയമസഭ പെറ്റീഷന് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ഉപദ്രവകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് തടസ്സമില്ലെന്ന് നിയമ സെക്രട്ടറി അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്ദേശംനല്കുകയുമായിരുന്നു.
ഇക്കര്യത്തില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല എന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ ഉന്നതതല യോഗവും വിലയിരുത്തിയത്.
കേരളത്തില്‍ ശരാശരി 30,000പേര് പ്രതിവര്‍ഷം നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നുവെന്നാണ് കണക്ക്.
Discussion about this post