ലാഹോർ: ശക്തമാകുന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫീസ് സയീദിനെതിരെ നടപടിയെടുക്കാനൊരുങ്ങി പാകിസ്ഥാൻ. തീവ്രവാദികൾക്ക് സാമ്പത്തിക സഹായ നൽകിയ കേസിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദിനെതിരെ പാക് ഭീകര വിരുദ്ധ വിഭാഗം നടപടിക്കൊരുങ്ങുന്നത്.
ഹാഫീസ് സയീദിനും പന്ത്രണ്ട് അനുയായികൾക്കുമെതിരെ ഇരുപത്തി മൂന്ന് കേസുകളിലാണ് പാകിസ്ഥാൻ നടപടിക്കൊരുങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഭീകരവാദം പ്രചരിപ്പിക്കുന്ന സംഘടനകൾക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരമാണ് കേസ്.
ദവാത് ഇർഷാദ് ട്രസ്റ്റ്, മോവ ബിൻ ജബാൽ ട്രസ്റ്റ്, അൽ അൻഫൽ ട്രസ്റ്റ്, അൽ മദീന ഫൗണ്ടേഷൻ ട്രസ്റ്റ്, അൽ ഹമദ് ട്രസ്റ്റ് തുടങ്ങിയ സംഘടനകളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.ലാഹോർ, ഗുജ്രൻവാല, മുൾട്ടാൻ തുടങ്ങിയ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത്.
ഹാഫീസ് സയീദിന് പുറമെ അബ്ദുൾ റഹ്മാൻ മക്കി, അമീർ ഹംസ, മുഹമ്മദ് യഹ്യ അസീസ് തുടങ്ങിയവർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫീസ് സെയ്ദിന്റെ തലയ്ക്ക് യു എസ് അംഗീകൃതമായി പത്ത് ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുയർന്നിരുന്നു. പാകിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തി വെക്കാൻ അമേരിക്കയടക്കം തയ്യാറായിരുന്നു.
Discussion about this post