ഇസ്ലാമാബാദ്: മദ്രസയ്ക്ക് വേണ്ടി അനധികൃതമായി ഭൂമി കൈയ്യേറിയ കേസിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്ത് ഉദ്ദവ തലവനുമായ ഹാഫീസ് സയീദിനും മൂന്ന് കൂട്ടാളികൾക്കും പാക് ഭീകരവിരുദ്ധ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
അമ്പതിനായിരം രൂപയുടെ ജാമ്യമാണ് കോടതി ഇവർക്ക് അനുവദിച്ചത്. ഹാഫീസ് സയീദിനോടൊപ്പം കൂട്ടാളികളായ ഹാഫിസ് മസൂദ്, അമീർ ഹംസ, മാലിക് സഫർ എന്നിവർക്കാണ് ജാമ്യം. ഓഗസ്റ്റ് 31 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോർ ഭീകരവിരുദ്ധ കോടതിയാണ് ഉത്തരവിട്ടത്.
2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ ലഷ്കർ ഇ ത്വയിബയുടെ സഹ ഭീകര സംഘടനയാണ് സയീദ് നയിക്കുന്ന ജെയ്ഷ് എ മുഹമ്മദ്. ലഷ്കർ ഇ ത്വയിബയെ 2014ൽ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഹാഫീസ് സയീദിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിക്കുകയും സയീദിനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സഹായിക്കുന്നവർക്ക് പത്ത് ദശലക്ഷം യു എസ് ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് സയീദ് നയിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായിരിക്കുകയാണ്.
Discussion about this post