ഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ വിട്ടയക്കാൻ തയ്യാറാകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ശക്തമയി ആവശ്യപ്പെട്ടു. ജാദവ് ചാരനാണെന്ന പാകിസ്ഥാൻ വാദം തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതാർഹമാണെന്നും കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി ജയശങ്കർ പറഞ്ഞു. പാർലമെന്റിന്റെ ഇരു സഭകളിലും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ അധികരിച്ച് അദ്ദേഹം പ്രസ്താവന നടത്തി.
ജാദവിന്റെ കുടുംബം ഇതു വരെ വിഷയത്തിൽ ആത്മസംയമനം പാലിച്ചെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി, വിഷയത്തിൽ ജാദവിന്റെ കുടുംബത്തോടൊപ്പം രാഷ്ട്രം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും സഭയിൽ വ്യക്തമാക്കി. ഇന്ത്യയുടെ സമഗ്രമായ വിജയമാണ് ഹേഗിൽ ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാൽ കോടതി വിധിയുടെ ധാർമ്മികത ഉൾക്കൊണ്ട് പാകിസ്ഥാൻ പ്രവർത്തിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യസഭയിൽ സ്വാഗതം ചെയ്തു. അന്തരാഷ്ട്ര കോടതിയിൽ ഇന്ത്യൻ നിലപാട് സ്ഫുടമായി അവതരിപ്പിച്ച് വിജയിപ്പിച്ച നയതന്ത്ര സംഘത്തയും ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള നിയമജ്ഞരെയും രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ വെങ്കയ്യ നായിഡു പ്രശംസിച്ചു.
Discussion about this post