തിരുവനന്തപുരം: കേരളം പിടിക്കാന്‍ നിര്‍ണായക നീക്കം നടത്താന്‍ ബിജെപി. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എസ്എന്‍ഡിപിയെ പൂര്‍ണ പിന്തുണയോടെ കൂടെ നിര്‍ത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും, എസ്എന്‍ഡിപി യുവജനവിഭാഗം നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനം നല്‍കുന്നതുള്‍പ്പടെയുള്ള നീക്കങ്ങളാണ് ബിജെപി ആലോചിക്കുന്നത്.
അരുവിക്കരയില്‍ മികച്ച മുന്നേറ്റം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് എസ്എന്‍ഡിപിയെ കൂടെ നിര്‍ത്തുന്നത് വലിയ ഗുണമാകുമെന്ന തിരിച്ചറിവില്‍ ബിജെപി എത്തുന്നത്. ബിജെപിയ്ക്ക് പരസ്യമായ പിന്തുണ നല്‍കാതിരുന്നിട്ടു കൂടി വലിയ തോതില്‍ ബിജെപി അനുഭാവമാണ് അരുവിക്കരയില്‍ എസ്എന്‍ഡിപി യോഗം ശാഖകള്‍ പ്രകടിപ്പിച്ചത്. ഹിന്ദു സംഘടനകളോട് പരസ്യമായ അനുഭാവം കുറച്ച് കാലമായി വെള്ളാപ്പള്ളി നടേശന് പ്രകടിപ്പിക്കുന്നതും ബിജെപിയില്‍ ഇത്തരമൊരു ആലോചന ഉയരാന്‍ ഇടയാക്കി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുമെന്ന പ്രചരണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ നീക്കം തുഷാറിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടായാല്‍ രാഷ്ട്രീയമായി ബിജെപിയ്ക്ക് അത് വലിയ മുന്നേറ്റമാകുമെന്ന് ഉറപ്പാണ്.
ബിജെപിയോട് അയിത്തമില്ലെന്ന് എസ്എന്‍ഡിപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊച്ചിയില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നതിന് മുന്‍പെ നടന്ന ചടങ്ങില്‍ ബിജെപിയോടും പ്രത്യേകിച്ച് മോദിയുടെ നേൃത്വത്തോടും ശക്തമായ അനുഭാവമാണ് വെള്ളാപ്പള്ളി പ്രകടിപ്പിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷവും മോദിയ്ക്കും ബിജെപിയ്ക്കും ഒപ്പമാണ് താനെന്ന പൊതു ധാരണയാണ് വെള്ളാപ്പള്ളി പങ്കുവച്ചത്.
ഇടത് വലത് മുന്നണികളെ പിന്തുണച്ച് ഇനിയും കാര്യമില്ല എന്ന ചിന്തയാണ് എസ്എന്‍ഡിപിയ്ക്ക് ഉള്ളത്. അധ്യാപക നിയമനത്തിലുള്‍പ്പടെ യുഡിഎഫിന് മുന്നില്‍ വച്ച ഒരാവശ്യവും പരിഗണിയ്ക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസം അധ്യാപക നിയമനത്തില്‍ എസ്എന്‍ഡിപി മുന്നോട്ട് വച്ച ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. സ്ഥിരം നിയമനത്തിന് പകരം ഗസ്റ്റ് ലക്ച്ചര്‍മാരെ നിയമിക്കാമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ സര്‍ക്കുലറിലുള്ളത്. ഇത് എസ്എന്‍ഡിപിയെ അപമാനിക്കാനാണെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഒരു തരത്തിലും യുഡിഎഫില്‍ നിന്ന് .ാേഗത്തിന് യാതൊന്നും പ്രതീക്ഷിക്കാനില്ല എന്നാണ് വിലയിരുത്തലും.
എല്‍ഡിഎഫിന്റെ കാര്യത്തിലും അതേ അവസ്ഥ തന്നെയാണ്. വെള്ളാപ്പള്ളിയ്ക്കെതിരെയും യോഗത്തിനെതിരെയും പിണറായി വിജയന് ശക്തമായി എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി തന്നെയാണ് വെള്ളാപ്പള്ളിയുടെ മുന്നിലുള്ള വഴി.
സാമുദായിക സംഘടനകളുമായി കൈകോര്‍ക്കാന്‍ കേരളത്തിലെത്തിയ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിജെപിയ്ക്കകത്ത് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. സംഘപരിവാര്‍ സംഘടനകളും എസ്എന്‍ഡിപിയെ കൂടെ നിര്‍ത്തണമെന്ന നിലപാടിലാണ്. കെപിഎംഎസ് പോലുള്ള സാമുദായിക സംഘടനകളും എസ്എന്‍ഡിപി നിലപാടിന് ഒപ്പമാണ്. വെള്ളാപ്പള്ളിയെ തന്നെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന ആവശ്യവും ചിലര്‍ക്കുണ്ട്.
തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കത്തെ എസ്എന്‍ഡിപി എതിര്‍ക്കില്ലെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
എസ്എന്‍ഡിപി കേന്ദ്രമന്ത്രി സ്ഥാനത്തോടൊപ്പം ബിജെപി അനുഭാവത്തിലേക്ക് വന്നാല്‍ അത് കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Discussion about this post