വൃന്ദാവൻ: ആൾക്കൂട്ട ആക്രമണങ്ങളുടെയും പശുവിന്റെയും പേരിൽ രാജ്യത്ത് ഹിന്ദു മതത്തെ ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഥുരയിൽ അഖില ഭാരതീയ സാമാജിക് സദ്ഭാവ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ 49 പ്രമുഖർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് സമർപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
എന്നാൽ ഈ ആരോപണത്തിന് ബദലായി 62 പ്രമുഖർ ഒപ്പിട്ട കത്തും പ്രധാനമന്ത്രിക്ക് സമർപ്പിക്കപ്പെട്ടിരുന്നു. കങ്കണ റണൗട്ട്, പ്രസൂൺ ജോഷി തുടങ്ങിയവർ ഒപ്പിട്ട കത്തിൽ മോദി സർക്കാരിന് കീഴിൽ അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവുമധികം ആദരിക്കപ്പെടുന്നതായി വ്യക്തമാക്കുന്നു. സെലക്ടീവായ പ്രതികരണങ്ങൾ ഒഴിവാക്കുവാനും എല്ലാവരോടും തുല്യമായ നിലപാട് പുലർത്താനും കത്തിൽ പറയുന്നു.
ഹിന്ദുത്വമെന്നത് എല്ലത്തിനെയും ഉൾക്കൊള്ളുന്നതാണെന്നും മുസ്ലീങ്ങളും അതിന്റെ ഭാഗമാണെന്നും മോഹൻ ഭാഗവത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു രാഷ്ട്രമെന്നത് ഒരു മതത്തിന്റെ രാഷ്ട്ര സങ്കൽപ്പമല്ലെന്നും, മുസ്ലീങ്ങളെ ഉൾക്കൊണ്ടില്ലെങ്കിൽ അത് ഹിന്ദുത്വമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹിന്ദുത്വമെന്നാൽ ഭാരതീയതയാണ്. അത് എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. ആരെയും എതിർക്കുന്നതോ അപമാനിക്കുന്നതോ അതിന്റെ ദർശനത്തിൽ പെടുന്നതല്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഹിന്ദുത്വ ദർശനത്തെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
Discussion about this post