തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിനു കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ കത്തയച്ചു. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തെ കത്തില്‍ രൂക്ഷമായി എതിര്‍ക്കുന്നുണ്ട്. നായ്ക്കള്‍ അകാരണമായി ആളുകളെ ആക്രമിക്കില്ലെന്നും, നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി കേരളത്തില്‍ മാത്രമാണു ഫലപ്രദമായി നടപ്പാക്കാത്തതെന്നും കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രിയായ മനേക കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് ആറ് പേജുള്ള വിശദമായ കത്താണ് മനേക ഗാന്ധി കേരള ചീഫ് സെക്രട്ടറി ജിജി തോംസണിന് അയച്ചിട്ടുള്ളത്.
തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം തടയാന്‍ നടപടികളെടുക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. കേരളത്തില്‍ ആളുകളെ ആക്രമിക്കുന്നത് തെരുവുനായ്ക്കളല്ല. വീടുകളില്‍ സുരക്ഷയ്ക്കായി വളര്ത്തുന്നവയാണ.് അവരെ പരിശീലിപ്പിച്ചതുപോലെ കൂടുതല്‍ പേരെ ആക്രമിക്കുന്നത്. ഇറച്ചി വാങ്ങാന്‍ രക്ഷിതാക്കള്‍ പറഞ്ഞയയ്ക്കുന്ന കുട്ടികളാണു കടിയേല്ക്കേണ്ടിവരുന്നവരില് മറ്റൊരു വലിയ വിഭാഗം. നായ്ക്കളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ ചെല്ലുന്നവര്‍ക്കും കടിയേല്ക്കേണ്ടിവരുന്നു. മറ്റൊരു തരത്തിലും നായകള്‍ ജനങ്ങളെ ആക്രമിക്കുന്നില്ല.നായകളെ കൊല്ലുന്നതു കോടതിയും കേന്ദ്ര സര്‍ക്കാരും തടഞ്ഞിട്ടുണ്ട്. നായകള്‍ തെരുവിന്റെ ഭാഗമാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. നായകള്‍ തെരുവിലുള്ളത് അവിടം കൂടുതല്‍ സുരക്ഷിതമാക്കും. സെക്യൂരിറ്റിക്കാര്‍ക്കു കണ്ടെത്താന്‍ കഴിയാത്ത അപരിചിതരെപ്പോലും നായകള്‍ക്കു കണ്ടെത്താനാകും. അങ്ങനെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം. വന്ധ്യംകരണവും പ്രതിരോധകുത്തിവയ്പും സര്‍ക്കാര്‍ നടത്തരുതെന്നും ഇതിനായി എന്‍ജിഒകളെ ഏല്‍പ്പിക്കണമെന്നും മനേക ആവശ്യപ്പെട്ടു.
എന്‍ജിഒകള്‍ക്ക് ഇതിനായി ഓഫിസ് അനുവദിക്കണം. ഇവിടെ നായ്ക്കളുടെ ശസ്ത്രക്രിയയ്ക്കും ഒപിക്കും പ്രത്യേകം മുറികള്‍ സജ്ജീകരിക്കണം. പിടികൂടുന്ന നായ്ക്കള്‍ക്കു രാവിലെ ഒന്‍പതിനും വൈകിട്ടു നാലിനും ആഹാരം പാകം ചെയ്തു നല്‍കണം. വന്ധ്യംകരണത്തിനു ശേഷം നാലു ദിവസം പരിപാലിച്ചതിനുശേഷം പിടികൂടിയ അതേ സ്ഥലത്തു തന്നെ വിട്ടയയ്ക്കണം. ഒരു നായയുടെ വന്ധ്യംകരണത്തിന് 750 മുതല്‍ 1200 രൂപ വരെ നല്‍കാം. സംസ്ഥാനതലത്തിലുള്ള പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അഞ്ചു കോടി രൂപ വരെ അനുവദിക്കും. ഇതു നേരിട്ട് എന്ജിഒകള്ക്കാണു നല്‍കുകയെന്നും മനേക അറിയിച്ചു.
Discussion about this post