ഭോപ്പാൽ: രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക സംഘം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആർ എസ് എസിന്റെ തീരുമാനം.
ജനസംഘ രൂപീകരണത്തിന് ശേഷമുള്ള നിർണ്ണായകമായ സ്വാതന്ത്ര്യ ദിനമാണ് വരാൻ പോകുന്നത്. രാജ്യതാത്പര്യം മുൻനിർത്തി ധീരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ദേശസ്നേഹത്തിന്റെ സന്ദേശമുണർത്തിക്കൊണ്ട് രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ഗംഭീരമായി ആഘോഷിക്കാൻ ആർ എസ് എസ് പ്രതിജ്ഞാബദ്ധമാണ്. യോഗം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് മോഹൻ ഭാഗവത് സ്വാഗതം ചെയ്തു. ജമ്മു കശ്മീരിന്റെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവും വ്യക്തിപരവുമായ ഭിന്നതകൾ മറന്ന് ദേശസ്നേഹികളായ ഏവരും സ്വാഗതം ചെയ്യേണ്ട തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് എസിന്റെ ത്രിദിന സംഘടനാ യോഗത്തിൽ സന്ദേശം എല്ലാ സ്വയം സേവകരിലും എത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. യോഗത്തിൽ ആർ എസ് എസ് സഹ സർകാര്യവാഹക് കൃഷണ ഗോപാൽ സർക്കാർ തീരുമാനത്തെ ധീരമായ നടപടി എന്ന് വിശേഷിപ്പിച്ചു.
ബിജെപി മദ്ധ്യപ്രദേശ് ഘടകം നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിവിധ ഹൈന്ദവ സംഘടനകളുടെ ഐക്യം നടപ്പിൽ വരുത്തേണ്ടുന്നതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി. മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള മദ്ധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്റെ നടപടികളെ യോഗം നിശിതമായി വിമർശിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നിയമവിരുദ്ധമായ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ്സ് തീരുമാനമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
മാർച്ച് മാസത്തിൽ ഗ്വാളിയോറിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ തുടർച്ചയായിരുന്നു ആർ എസ് എസിന്റെ ത്രിദിന യോഗം. യോഗത്തിൽ പതിവ് വിഷയങ്ങളും ചർച്ച ചെയ്തു. രാജ്യത്തിന്റെ ഐക്യവും സാമുദായിക സൗഹാർദ്ദവുമാണ് സംഘത്തിന്റെ ലക്ഷ്യമെന്നും യോഗം കൂട്ടിച്ചേർത്തു.
Discussion about this post