വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൂന്ന് ദിവസത്തെ ചൈന സന്ദർശനത്തിന് ഇന്ന് പുറപ്പെടും.ഉഭയകക്ഷി ബന്ധം, അതിർത്തി പ്രശ്നങ്ങൾ എന്നിവ ചർച്ചയാകും.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ചൈന സന്ദർശനം. ചൈനീസ് നേതൃത്വത്തിന് മുന്നിൽ കശ്മീർ പ്രശ്നം അവതരിപ്പിക്കും. കാശ്മീർ വിഷയം പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമ്പോൾ ബെയ്ജിങ്ങിന്റെ സഹകരണം ഇന്ത്യ തേടും. ഇന്ത്യ-ചൈന ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുളള മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്യും.
ഇന്ത്യയുടെയും ചൈനയുടെയും സംസ്കാരിക കലാ പരിപാടികൾ കൈമാറാൻ ഈ രംഗത്തുളള വ്യക്തികളുടെ സഹായം തേടും. വിനോദം ,കല,ചലച്ചിത്രം, കായികം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് പരസ്പര ധാരണയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.വിദേശകാര്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് എസ്.ജയശങ്കർ ചൈന സന്ദർശിക്കുന്നത്. 13 വരെയാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങും തമ്മിലുളള കൂടിക്കാഴ്ചയുടെ തയ്യാറെടുപ്പുകളും ജയശങ്കർ വിലയിരുത്തും.
Discussion about this post