പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു പരിപാടിയിൽ പാടിയ ഗായകൻ മിഖാ സിങ്ങിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം. മിഖാ സിങ്ങിന് ഇന്ത്യൻ സിനിമാവ്യവസായത്തിൽ നിന്നും വിലക്കേപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എ ഐ സി ഡബ്ല്യു എ) ആണ്. സിനിമകളിൽ നിന്നും വിനോദ കമ്പനികളുമായുള്ള സംഗീതപരിപാടികളിൽ കരാർ ഏർപ്പെടുന്നതിൽ നിന്നും മിഖാ സിങിനെ ബഹിഷ്കരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അടുത്ത ബന്ധു പാകിസ്ഥാനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിങ്ങ് പാടിയത്.
ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. സിനിമാ നിർമ്മാണകമ്പനികൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക് കണ്ടന്റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള മിഖാ സിങ്ങിന്റെ കരാറുകളെല്ലാം ബഹിഷ്കരിക്കണമെന്ന നിലപാടാണ് സിനി വർക്കേഴ്സ് അസോസിയേഷൻ എടുത്തിരിക്കുന്നതെന്ന് എ ഐ സി ഡബ്ല്യു എ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
“രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വില നൽകി,” എന്നാണ് ഫിലിം അസോസിയേഷന്റെ വിമർശനം. ഇക്കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലും അസോസിയേഷൻ തേടി.
Discussion about this post