കൊല്ലം: പത്തനാപുരത്ത് സിപിഐ പ്രവർത്തകരെ ഓടിച്ചിട്ട് തല്ലിയ സംഭവത്തിൽ 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പത്തനാപുരം മീൻ ചന്തയിൽ വെച്ചായിരുന്നു സംഘട്ടനം.
സംഭവത്തിൽ പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനങ്ങളും സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. കൂടാതെ നിരവധി കടകള്‍ക്ക് നേരെയും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സി ഐ ടി യുവിൽ നിന്ന് അടുത്തയിടെ സി പി ഐയിൽ എത്തിയ പ്രവർത്തകർ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ കഴിഞ്ഞ ജൂണിൽ സ്കൂൾ തുറപ്പ് സമയത്ത് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളില്‍ നടന്ന എഐഎസ്എഫ്- എസ്എഫ് ഐ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷമെന്നാണ് സൂചന. എസ്.എഫ്.ഐക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവര്‍ സിപിഐ ഓഫീസിലുണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് സിപിഐ ഓഫീസിലേക്കെത്തുകയായിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷം പോലീസും മുതിര്‍ന്ന നേതാക്കളുമെത്തി പരിഹരിച്ചു. അന്നത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നാണ് നിഗമനം.
സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കൂടി കേസ് എടുക്കണമെന്നാണ് പരിക്കേറ്റ സിപിഐ പ്രവർത്തകർ പറയുന്നത്.
Discussion about this post