ഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. തലസ്ഥനത്തെ പ്രമുഖരായ രണ്ട് ആം ആദ്മി പാർട്ടി നേതാക്കളും ഒരു കോൺഗ്രസ്സ് നേതാവും ഉടൻ ബിജെപിയിൽ എത്തുമെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി അറിയിച്ചു.
മൂന്ന് നേതാക്കളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടവരാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പടലപ്പിണക്കങ്ങളുടെ പേരിൽ സഖ്യമുപേക്ഷിക്കാൻ തയ്യാറായ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ഡൽഹിയിൽ ബിജെപിയോട് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു. ബിജെപിയുടെ സംഘടനാപാടവവും പ്രവർത്തന ശൈലിയും തങ്ങളെ അന്നേ ആകർഷിച്ചിരുന്നതായും ഈ നേതാക്കൾ വ്യക്തമാക്കുന്നു.
കശ്മീരിലെ കേന്ദ്രസർക്കാർ നയങ്ങളെ അനുകൂലിച്ച് കൂടുതൽ നേതാക്കൾ ഉടൻ ബിജെപിയിലെത്തുമെന്ന് മനോജ് തിവാരി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ശക്തികേന്ദ്രമായ പൂർവ്വാഞ്ചലിൽ നിന്നുള്ള നേതാവാണ് ബിജെപി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി. പ്രമുഖ ചലച്ചിത്ര താരമായ ഇദ്ദേഹത്തിന്റെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ബിഹാറിലും നിർണ്ണായക സ്വാധീനമുള്ള മനോജ് തിവാരി ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കും പ്രസിദ്ധനാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിപക്ഷ പാർട്ടികളിൽ വിഭാഗീയത ശക്തമാകുകയാണ്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഹരിയാനയിലും പഞ്ചാബിലുമടക്കം നിരവധി കോൺഗ്രസ്സ് നേതാക്കൾ കേന്ദ്രസർക്കാരിനെ അംഗീകരിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. കശ്മീർ വിഷയത്തിലെ കോൺഗ്രസ്സ് സമീപനത്തിനെതിരെ പാർട്ടി യോഗങ്ങളിൽ പോലും നിരവധി നേതാക്കൾ രംഗത്തുവന്നത് കോൺഗ്രസ്സിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കശ്മീർ വിഷയം ദേശീയ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി മാറാൻ പോകുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ നിലപാട് മാറ്റം നൽകുന്നത്. ഉത്തരേന്ത്യയിൽ കോൺഗ്രസ്സ് പിളർപ്പിലേക്ക് നീങ്ങാനുള്ള സാദ്ധ്യതയും രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.
ശശി തരൂർ, മനു അഭിഷേക് സിംഗ്വി, ജയറാം രമേശ് തുടങ്ങിയ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ നരേന്ദ്ര മോദിയുടെ ഇതര നയങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമാണ്.
Discussion about this post