നിർബന്ധിത മതപരിവർത്തനത്തിന് എതിരായ പുതിയ ബിൽ ഹിമാചൽപ്രദേശ് നിയമസഭ പാസാക്കി. പ്രതിപക്ഷ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. നിർബന്ധിച്ചോ വിവാഹത്തിന്റെ മറവിലോ മതപരിവർത്തനം നടത്തുന്നത് എതിർക്കുന്ന ബില്ലിൽ നിയമലംഘനത്തിനുള്ള ശിക്ഷയും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ മൂന്നു വർഷമുള്ള ജയിൽശിക്ഷ ഏഴുവർഷമാക്കി ഉയർത്തി. ബിൽ വ്യവസ്ഥപ്രകാരം മതംമാറ്റം മാത്രം ലക്ഷ്യംവെച്ചുള്ള വിവാഹം അസാധുവാകും.
കേവലം എട്ട് വകുപ്പുകൾ മാത്രമുള്ള നിലവിലെ നിയമത്തിനു പകരം 10 എണ്ണംകൂടി ചേർത്തതാണ് പുതിയ ബിൽ. ഇതുപ്രകാരം മതംമാറ്റം ആഗ്രഹിക്കുന്നവർ, ഒരു മാസം മുമ്പ് ജില്ല മജിസ്ട്രേറ്റിനെ സമീപിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്നും സത്യവാങ്മൂലം നൽകണം.
2006ൽ പാസാക്കിയ നിയമത്തിൽ ഈ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും അതുകോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. പരിവർത്തനത്തിനു നേതൃത്വംനൽകുന്ന പുരോഹിതനും ഒരു മാസം മുമ്പ് വിവരം അറിയിക്കണം.പഴയ മതത്തിലേക്കുള്ള തിരിച്ചുപോക്കിന് വ്യവസ്ഥകളിൽ ഇളവുണ്ടെന്നും ബില്ലിൽ വ്യക്തമാകുന്നു
Discussion about this post