കോവളം കൊട്ടാരവും മുനമ്പും, അനുബന്ധ ഭൂമിയും അടക്കമുള്ള മേഖല കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയിലാക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജി പരമേശ്വരന് നായര്‍.
കടല്‍തീരം വഴി ഭീകരര്‍ നുഴഞ്ഞ് കയറാനിടയുണ്ട് എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തേണ്ട സ്ഥലമാണ് കോവളം കടല്‍ത്തീരം. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രമെന്നതുമാത്രമല്ല കോവളത്തിന്റെ പ്രാധാന്യം. അതിലുപരി ദേശീയവും സുരക്ഷാസംബന്ധവുമായ പ്രാധാന്യംകൂടി കോവളം കടല്ത്തീരത്തിനുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താല്‍ തന്ത്രപ്രധാനമായ കടല്‍ത്തീരമാണ് കോവളമെന്നും ദേശീയ സുരക്ഷാപരമായ പ്രാധാന്യം കണക്കിലെടുത്ത് കൊട്ടാരവും മുനമ്പും അവയുടെ സംരക്ഷണവും കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരള കൗമുദിയിലെഴുതിയ ലേഖനത്തിലാണ് കെ.ജി പരമേശ്വരന് നായരുടെ മുന്നറിയിപ്പ്.
ആ നിരീക്ഷണത്തിനും ജാഗ്രതയ്ക്കും സുരക്ഷയ്ക്കും കോവളം കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമാവകാശം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയതുകൊണ്ടു മാത്രമായില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിരോധവകുപ്പാകുമ്പോള് കോവളം മുനമ്പും അതിനുചുറ്റും സൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും പ്രതിരോധവും നിലനിറുത്താനാകും. സംസ്ഥാന സര്‍ക്കാരും സംസ്ഥാന രാഷ്ട്രീയ നേതൃത്വങ്ങളും കേന്ദ്രവും ആ വഴിക്ക് ചിന്തിക്കണം. അല്ലെങ്കില്‍ മുമ്പ് പരാമര്‍ശിച്ചതുപോലെ സംഭവിക്കാവുന്ന വിപത്ത് കോവളത്തെ മാത്രമല്ല, രാജ്യത്തെത്തന്നെ ബാധിച്ചെന്നിരിക്കും. കോവളം കൊട്ടാരവും മുനമ്പും സ്വകാര്യ ഏജന്‍സികള്‍ക്ക് തീറെഴുതിക്കൊടുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കേരളത്തിന്റെ തലസ്ഥാന നഗരിക്ക് വളരെ അകലെയല്ലാത്ത കോവളത്തിന്റെ വടക്കുഭാഗത്ത് അന്താരാഷ്ട്ര വിമാനത്താവളവും ബഹിരാകാശ ഗവേഷണ കേന്ദ്രവും. തെക്കുഭാഗത്ത് ലൈറ്റ് ഹൗസും വിഴിഞ്ഞം തുറമുഖവും സ്ഥിതി ചെയ്യുന്നുണ്ട്. കോവളത്തെ ഹോട്ടല്‍ സമുച്ചയം സ്ഥിതിചെയ്യുന്നതും ഈ മുനമ്പിലാണ്. അവിടെ വന്ന് താമസിക്കുന്ന ടൂറിസ്റ്റുകളേറെയും വിവിധ താത്പര്യങ്ങളുള്ള വിദേശികളായിരിക്കും. ഇതെല്ലാം കോവളത്തിന് സുരക്ഷാപരമായ തന്ത്രപ്രാധാന്യമേകുന്ന ഘടകങ്ങളാണ്. വിശാലമായ മുനമ്പിന്റെ കടല്‍ത്തീരം പ്രകൃതിദത്തമായ ഉറച്ച പാറകള്‍ നിറഞ്ഞതാകയാല്‍ ആ ഭാഗത്ത് സുഗമമായ സഞ്ചാരം പ്രായേണ ദുഷ്കരമാണ്. പകല്‍പോലും അവിടം ഏറെക്കുറെ വിജനമായിരിക്കും. ആ ഭാഗത്ത് കടല്‍ പൊതുവേ ശാന്തമാണ്. അവിടെ ഏത് സമയത്തും പ്രത്യേകിച്ച് രാത്രിയില്‍, രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിനയാകുന്ന ഏതെങ്കിലും വിധ്വംസക പ്രവര്‍ത്തനം നടന്നാല്‍ പുറംലോകം പെട്ടെന്ന് അറിയുകയില്ല. രാവുകളില്‍ വിധ്വംസക പ്രവര്‍ത്തകര്‍ക്കും ശത്രുക്കള്‍ക്കും ആ കടല്‍ഭാഗത്തുകൂടി മുനമ്പിലേക്ക് കടന്നുകയറാനാകുമെന്ന് വരുമെന്നത് ഏറെ ഗൗരവത്തിലെടുക്കേണ്ട യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post