പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ ഇന്ന് മുതല്‍ ലേലം ചെയ്യും. ഇത്തവണ പൊതുജനങ്ങള്‍ക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. പ്രധാനമന്ത്രിയ്ക്ക് പലപ്പോഴായി കിട്ടിയ 2700 ഓളം സമ്മാനങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന ഒരുക്കിയിരിക്കുന്നത്.93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്ട്ടില്വെച്ചാണ് ലേലം ചെയ്യുന്നത്.
മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അടിസ്ഥാന തുക 200 രൂപയാണ്. പരമാവധി 2.5 ലക്ഷം രൂപവരെയാണെന്നും പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാ നദീ സംരക്ഷണത്തിന് ഉപയോഗിക്കുമെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ തവണയും തുക ഇത്തരത്തിലാണ് വിനിയോഗിച്ചത്.
സമ്മാനമായി ലഭിച്ച 35ലധികവും മോദിയുടെ ഛായാചിത്രങ്ങളാണ്. ഗാന്ധിജി, മോദിയുടെ അമ്മ, സര്‍ദാര്‍ പട്ടേല്‍ എന്നിവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. സില്‍ക്ക്, കമ്പിളി, കണ്ണാടി, ഗോള്‍ഡ് പ്ലേറ്റ് എന്നിവകൊണ്ട് നിര്മിച്ചവയാണേറെയും. സമ്മാനങ്ങളുടെ കൂട്ടത്തില്‍ പശു പ്രതിമ, സ്വാമി വിവേകാന്ദ പ്രതിമ, ലോര്‍ഡ് കൃഷ്ണയുടെ പ്രതിമ എന്നിവയുമുണ്ട്. 576 ഷാളുകള്‍, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാരശാലയായ ശീമാട്ടിയുടെ എം.ഡി ബീനാ കണ്ണന് നല്കിയ സമ്മാനമാണ് ഏറ്റവും വില കൂടിയത്. 2.5 ലക്ഷം രൂപയാണ് സില്‍ക്ക് കൊണ്ടുള്ള മോദിയുടെ ഈ പോട്രേയിറ്റിന് നല്‍കിയിട്ടുള്ള വില.
കഴിഞ്ഞ തവണ മോദിക്ക് ലഭിച്ച 1800 ലേറെ സമ്മാനങ്ങള്‍ ലേലം ചെയ്തിരുന്നു. അതില്‍ നിന്നും ലഭിച്ച തുക ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ചിലവഴിച്ചിരുന്നു. വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്പ്പങ്ങള് തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്.
Discussion about this post