മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ചായിരുന്നു വിജയയുടെ രാജി.വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
ജസ്റ്റിസ് വിജയയുടെ രാജി സ്വീകരിച്ചതിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജായ വിനീത് കോഠാരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബര്‍ ആറിന് വിജയ രാജി സമര്‍പ്പിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിയും മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാക്കി കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റി കൊണ്ടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മുമ്പാകെ വന്നിരുന്നു. ഡിവിഷന് ബെഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുകയും വിധി പറയാന്‍ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ജസ്റ്റിസ് വിജയയുടെ രാജി അംഗീകരിച്ചത്. ഇതോടെ ഈ പൊതുതാല്പര്യ ഹര്‍ജിയുടെ പ്രസക്തി നഷ്ടമായി.
Discussion about this post