ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തിനായി പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുമെന്ന് പാചക വിദഗ്ദ്ധ കിരൺ വർമ. പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നമോ ഥാലി, നമോ മിഠായ് ഥാലി എന്നിവ തയ്യാറാക്കുന്ന തിരക്കിലാണ് കിരൺ. പ്രധാനമന്ത്രിക്കായി മറ്റനേകം വിശിഷ്ട വിഭവങ്ങൾ തയ്യാറാക്കുന്നതായും ഇവയൊക്കെയും അദ്ദേഹത്തിന്റെ സന്ദർശനത്തിന് ശേഷം റെസ്റ്റോറന്റിലെ സ്ഥിരം ഇനങ്ങളാക്കുമെന്നും കിരൺ പറഞ്ഞു. 25 വർഷത്തെ പാചക ജീവിതത്തിൽ ലഭിച്ച അസുലഭ അവസരമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഒഡിഷയിൽ വേരുകളുള്ള കിരൺ പറഞ്ഞു. രണ്ടര വർഷമായി അമേരിക്കയിൽ റെസ്റ്റോറന്റ് നടത്തുകയാണ് കിരൺ വർമ.
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയുടെ അമ്മ അദ്ദേഹത്തിന് എന്താണ് പാചകം ചെയ്തു കൊടുത്തതെന്ന് അന്വേഷിച്ചിരുന്നുവെന്നും ആ അന്വേഷണത്തിന്റെ ഫലമായാണ് തനിക്ക് അദ്ദേഹത്തിന്റെ മെനു ലഭിച്ചതെന്നും കിരൺ വർമ പറയുന്നു. മീഠി തെപ്ല, സമോസ, ചട്നി, കചോരി, ഖിച്ച്ഡി എന്നിവ നമോ ഥാലിയുടെ ഭാഗമാണ്. ഗജാർ ഹൽവ, രസ്മലായ്, ശ്രീഖണ്ഡ്, ഗുലാബ് ജാമുൻ, ഖീർ എന്നിവ അടങ്ങുന്ന മിഠായ് ഥാലിയും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു.
https://www.facebook.com/chefkiranhou/posts/10156158437866260
ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങൾ കിരൺ ഒരുക്കിയിട്ടുണ്ട്. നോർത്ത് ഇന്ത്യൻ വിഭവങ്ങളും സൗത്ത് ഇന്ത്യൻ വിഭവങ്ങളും നോർത്ത് ഈസ്റ്റേൺ വിഭവങ്ങളും തയ്യാറാക്കാൻ നിരവധി തൊഴിലാളികൾ പരിശ്രമിക്കുകയാണ്.
ഞായറാഴ്ച നടക്കുന്ന ഹൗഡി മോഡി പരിപാടിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായ എൻ ആർ ജിയിലാണ് പരിപാടി. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അമേരിക്കയിൽ ശക്തമായ മഴ തുടരുകയാണെങ്കിലും പരിപാടിയുടെ വിജയത്തെ അത് ഒരു കാരണവശാലും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Discussion about this post