വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എയും ഇപ്പോള്‍ എം.പിയുമായ കെ മുരളീധരന് മറ്റൊരു പേര് നിര്‍ദേശിച്ചു. നിലവില്‍ സാധ്യത പട്ടികയില്‍ പരിഗണനയിലുള്ള കെ. മോഹന്‍കുമാറിന്റെ പേരല്ല മുരളീധരന് നിര്‍ദേശിച്ചത്.യൂത്ത് കോണ്‍ഗ്രസ് നേതാവും യുവജന കമ്മീഷന് അംഗവുമായ ആര്. രാജേഷിന്റെ പേരാണ് മുരളീധരന് നിര്‍ദേശിച്ചത്.
മുരളീധരന് മറ്റൊരു പേര് നിര്‍ദേശിച്ചതോടെ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായിരിക്കുകയാണ്.
സി.പി.ഐ.എമ്മിന്റെ കോട്ടയായിരുന്നു വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എം. വിജയകുമാര്‍ നിയമസഭ സ്പീക്കറും മന്ത്രിയുമൊക്കെ ആയത്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയപ്പോള്‍ കെ. മുരളീധരന് ഇവിടെ മത്സരിക്കാനെത്തി. ആദ്യ തവണ ചെറിയാന് ഫിലിപ്പിനെ പരാജയപ്പെടുത്തി എം.എല്‍.എയായി.
അഞ്ച് വര്‍ഷത്തിന് ശേഷം മുരളീധരന് രണ്ടാമതും മത്സരത്തിനിറങ്ങുമ്പോള്‍ ബി.ജെ.പിയും മണ്ഡലത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരുന്നു. മുരളീധരന് ഏഴായിരം വോട്ടുകള്‍ക്ക് രണ്ടാം തവണ വിജയിക്കുമ്പോള്‍ എതിരാളി സി.പി.ഐ.എം ആയിരുന്നില്ല. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന് ആയിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.
Discussion about this post