മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഒക്ടോബർ നാല് വരെയാണ് നടപടികൾ തുടരുക. അതേ സമയം ഫ്ലാറ്റുകൾ ഒഴിയുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫ്ലാറ്റുടമകൾ ഇന്നുമുതൽ നിരാഹാര സമരം നടത്തും. സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പ്രകാരം ഫ്ലാറ്റ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നഗരസഭ ഇന്ന് മുതൽ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുന്നത്.
അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉടമകളോട് ആവശ്യപ്പെടും. ഒഴിപ്പിക്കൽ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും.
താമസക്കാർക്ക് സൗകര്യപ്രദമായി സാധനങ്ങൾ നീക്കുന്നതിനാണ് ഇത്. ഒഴിഞ്ഞുപോകുന്നവർക്ക് പകരം താമസത്തിന് ഫ്ലാറ്റുകൾ അടക്കം നഗരസഭ വാടകയ്ക്ക് ഒരുക്കും. വാടക അതാതത് കുടുംബങ്ങൾ നൽകണം. നഗരസഭയുടെ താൽകാലിക പുനരധിവാസം ആവശ്യമുള്ളവർക്ക് ഇന്ന് കൂടി അപേക്ഷിക്കാം. കൂടാതെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കും. ഒഴിയുന്നവർക്ക് വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റാൻ സ്വകാര്യ ഏജൻസികളോട് ചാർജ്ജ് കുറയ്ക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഉടനടി ലഭ്യമാക്കണമെന്നും ഫ്ലാറ്റുകളുടെ മൂല്യം നിർണ്ണയിച്ച് നഷ്ടപരിഹാരത്തുക പരിഷ്കരിക്കണമെന്നുമാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഫ്ലാറ്റുടമകൾ ഇന്നുമുതൽ നിരാഹാര സമരം നടത്തും.
Discussion about this post