ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഭാരതീയ ഭാഷയെന്ന ഖ്യാതി മലയാളത്തിന്. മഹാത്മാഗാന്ധിയുടെ മാതൃഭാഷയായ ഗുജറാത്തിയെയും ഔദ്യോഗികഭാഷയായ ഹിന്ദിയെയുമൊക്കെ മറികടന്നാണ് ഈ നേട്ടം. തൊട്ടുപിന്നിൽ നമ്മുടെ തമിഴാണ്.
‘‘മലയാളികളുടെ സാക്ഷരതയും വായനശീലവുമാണ് ഇതിനുകാരണം. കേരളത്തിൽ പുസ്തകവായനയുടെ സംസ്കാരമുണ്ട്. അവിടെ സ്കൂളുകളിലും കോളേജുകളിലും ധാരാളമായി ഗാന്ധിജിയുടെ പുസ്തകങ്ങൾ വാങ്ങുന്നുണ്ട്’’ -എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ പ്രസാധകരായ നവജീവൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. ഇതുവരെ 8.24 ലക്ഷം പ്രതികളാണ് മലയാളത്തിൽമാത്രം ചെലവായത്. തമിഴിൽ 7.35 ലക്ഷവും ഹിന്ദിയിൽ 6.63 ലക്ഷവും വിറ്റഴിഞ്ഞു.
പുസ്തകം 1927-ൽ ആദ്യം പ്രസിദ്ധീകരിച്ചിട്ടും ഗുജറാത്തിയിൽ 6.71 ലക്ഷം പ്രതികളേ ഇതുവരെ ചെലവായിട്ടുള്ളൂ. ഇംഗ്ളീഷിലാണ് ‘സത്യാന്വേഷണപരീക്ഷണങ്ങൾ’ ഏറ്റവുമധികം പ്രചരിച്ചത് -20.98 ലക്ഷം. എല്ലാഭാഷകളിലുമായി 57.74 ലക്ഷം പ്രതികളാണ് ചെലവായിട്ടുള്ളത്. കശ്മീരിലെ ഡോഗ്രി, അസമിലെ ബോഡോ ഭാഷകളിൽ ഉടൻ പുറത്തിറക്കും.
Discussion about this post