ഒക്ടോബർ രണ്ട് മുതൽ റെയിൽവേയിൽ വാട്ടർബോട്ടിലുകൾ പൊടിച്ചുമാറ്റൽ തുടങ്ങും. പൊടി പിന്നീട് സ്വകാര്യ സ്ഥാപനങ്ങൾക്കു കൈമാറും. ദേശീയ തലത്തിലുള്ള പ്ലാസ്റ്റിക് നിർമാജനത്തിന്റെ ഭാഗമായാണ് റെയിൽവേയുടെ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കെതിരെയുള്ള നടപടി.
വർഷങ്ങളായി ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകൾ ഒറ്റയടിക്കു നിരോധിക്കാനാകില്ലെന്നതിനാൽ ഘട്ടംഘട്ടമായി ഒഴിവാക്കി പകരം സംവിധാനത്തിനാണ് റെയിൽവേ ശ്രമം. സ്റ്റേഷനുകളിലെ പൊടിക്കൽ (ക്രഷിങ് മെഷീൻ) യന്ത്രം 24 മണിക്കൂറും പരീക്ഷണാടിസഥാനത്തിൽ പ്രവർത്തിക്കും. തുടക്കത്തിലുണ്ടാകുന്ന പ്രയാസങ്ങൾ പിന്നീട് പരിഹരിക്കാനും സംഘങ്ങളെ നിയമിച്ചു.
യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റേഷനുകളിൽ ശരാശരി 1,000– മുതൽ 5000 ബോട്ടിലുകൾ ഇടാൻ കഴിയുന്ന യന്ത്രങ്ങളാണ് സ്ഥാപിക്കുന്നത്.
ബോട്ടിലുകളുടെ പൊടി വൻ നഗരങ്ങളിൽ ബാഗുകൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ നിർമാണത്തിനു ഉപയോഗിക്കുന്നതായി അധികൃതർ പറഞ്ഞു. ബോട്ടിലുകൾ ട്രാക്കിലും സ്റ്റേഷൻ പരിസരത്തും വലിച്ചെറിയാതെ യന്ത്രത്തിൽ നൽകി സഹകരിക്കാനാണു റെയിൽവേ അഭ്യർഥന. ഒറ്റത്തവണ പ്ലാസ്റ്റിക് കുറയ്ക്കുക, പുനരുപയോഗിക്കുക, ഉപേക്ഷിക്കുക എന്നാണ് ജീവനക്കാർക്ക് റെയിൽവേ നിർദ്ദേശം.
കൂടുതൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ക്രഷിങ് യന്ത്രത്തിൽ എത്തിക്കുന്നവർക്ക് സൗജന്യ മൊബൈൽ ചാർജിങ് ഉൾപ്പെടെ പ്രോത്സാഹന പദ്ധതികളുടെ നടത്തിപ്പ് അടുത്തദിവസം പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു. റെയിൽവേ വെണ്ടേഴ്സിനെയും പദ്ധതിയുടെ ഭാഗമാക്കും.
Discussion about this post