പല്ല് നിര തെറ്റിയതെന്ന കാരണത്താൽ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. റുക്സാന ബീഗമാണ് ഭർത്താവ് മുസ്തഫയ്ക്കെതിരെ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. പല്ലുകൾ നിര തെറ്റിയതാണെന്ന് പറഞ്ഞ് മുസ്തഫ തന്നോട് അനിഷ്ടം പ്രകടിപ്പിക്കാറുണ്ടെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടെന്നും റുക്സാന പരാതിയിൽ പറയുന്നു. 2019 ജൂൺ 27 നാണ് ഇവർ വിവാഹിതരായത്.
മുസ്തഫ പറഞ്ഞ നിബന്ധനകളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. എന്നാൽ വിവാഹത്തിന് ശേഷം വീണ്ടും സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നു. റുക്സാനയുടെ സഹോദരന്റെ ബൈക്കും മുസ്തഫ കൈക്കലാക്കിയിരുന്നതായി പരാതിയിൽ പറയുന്നു
15 ദിവസത്തോളം ഭർത്താവിന്റെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടതായും റുക്സാന വെളിപ്പെടുത്തുന്നു. പിന്നീട് രോഗബാധിതയായതിനെ തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുസ്തഫയും വീട്ടുകാരും ഒത്തു തീർപ്പിന് തയ്യാറായി. വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പും നൽകി.
എന്നാൽ ഒക്ടോബർ ഒന്നിന് മുസ്തഫ റുക്സാനയുടെ വീട്ടിലെത്തി മാതാപിതാക്കളെ അസഭ്യം പറയുകയും മുത്തലാഖ് ആവർത്തിക്കുകയും ചെയ്തു. പിന്നീട് ഫോണിലൂടെയും മൊഴി ചൊല്ലിയതായി റുക്സാന പറയുന്നു.
ഒക്ടോബർ 31 ന് സ്ത്രീധന നിരോധന നിയമപ്രകാരവും മുത്തലാഖ് നിരോധന നിയമപ്രകാരവും മുസ്തഫയ്ക്കെതിരെ കേസെടുത്തതായി പോലീസ് വെളിപ്പെടുത്തുന്നു. പരാതിയിൻ മേൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Discussion about this post