മിസോറം ഗവർണറായി പി.എസ് ശ്രീധരൻ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവർണ്ണർക്ക് വിമാനത്താവളത്തിൽ ഗാർഡ്
ഓഫ് ഓണർ നല്കി സ്വീകരിച്ചു. ശ്രീധരൻ പിള്ളയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഭാര്യക്കും മക്കൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് നിയുക്ത മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയത്. നിയുക്ത ഗവർണറെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വരവേൽപ്പ്.
രാവിലെ 11.30നാണ് ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവൻ സ്ഥിതി ചെയ്യുന്ന ഐസോളിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. കുടുംബാംഗങ്ങൾ ഉൾപ്പെടെ മുപ്പതോളം പേർ കേരളത്തിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാർ അടക്കമുള്ളവരും ചടങ്ങിനെത്തും. സത്യപ്രതിജ്ഞാച്ചടങ്ങിനായി ഐസോളിലെ രാജ്ഭവൻ ഒരുങ്ങിക്കഴിഞ്ഞു. വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവർണറായി സ്ഥാനമേൽക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരൻ പിള്ള.
Discussion about this post