കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയർത്തിയ അഞ്ച് കന്യാസ്ത്രീകൾക്ക് ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ആദരം. സിസ്റ്റര്‍ അനുപമയടക്കം അഞ്ച് കന്യാസ്ത്രീകളുടെ ചിത്രവും കുറിപ്പുമാണ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സിസ്റ്റര്‍ ആല്‍ഫി, നിനാ റോസ്, ആന്‍സിറ്റ, അനുപമ, ജോസഫൈന് എന്നിവര്‍ ഒന്നിച്ച് ചിരിച്ചുനില്ക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം നല്‍കിയിട്ടുള്ളത്. വാഷിംഗ്ടണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 2019 നവംബര്‍ ലക്കത്തിലാണ് ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇന്ത്യയിലെ “ധിക്കാരി”കളായ കന്യാസ്ത്രീകള്‍ എന്ന തലക്കെട്ടിലാണ് അഞ്ചുപേരുടെയും ചിത്രവും വിവരണവും നല്‍കിയിരിക്കുന്നത്.
“പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് അവസാനിപ്പിക്കാനും മിണ്ടാതിരിക്കാനും അവരുടെ മേലധികാരികള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ അവർ കൂട്ടാക്കിയില്ല. തന്നെ ഒരു ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രി സഭാ നേതാക്കളോടു പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. മാസങ്ങൾക്ക് ശേഷം 2018 സെപ്റ്റംബറില്‍ ഈ അഞ്ചുപേർ കേരള ഹൈക്കോടതിക്ക് മുമ്പിൽ രണ്ടാഴ്ചയോളം പ്രതിഷേധിച്ചു. താൻ നിരപരാധിയാണെന്ന് അവർത്തിച്ച ബിഷപ്പ് ഒടുവിൽ അറസ്റ്റിലായി”, ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നതിന് പകരം അവരുടെ പ്രതിമാസ അലവന്‍സ് അടക്കം റദ്ദാക്കുകയാണ് സഭ ചെയ്തത് എന്നും കുറിപ്പിൽ പറയുന്നു. അതേസമയം ബലാത്സംഗ കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് കുറിപ്പിൽ ഒരിടത്തും പ്രതിപാദിക്കുന്നില്ല.
‘ധിക്കാരി’കളായ കന്യാസ്ത്രീകൾ’: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയർത്തിയ 5 കന്യാസ്ത്രീകൾക്ക് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം
Discussion about this post