ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ റിപ്പോർട്ട് പ്രകാരം ആകെയുള്ള പ്രവാസികളിൽ 1.75 കോടി ഇന്ത്യക്കാരാണ്. മെക്സിക്കോയാണ് (1.18 കോടി) രണ്ടാം സ്ഥാനത്ത്. ചൈന (1.07 കോടി) മൂന്നാമത്.
ഈ വർഷം ലോകത്ത് ആകെ പ്രവാസികളുടെ എണ്ണം 27 കോടിയാകും. 5 കോടിയിലധികം മറുനാട്ടുകാരെ സ്വീകരിച്ച് യുഎസ് ഏറ്റവും അധികം പ്രവാസികളെ ഉൾക്കൊള്ളുന്ന രാജ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
8,900 കോടി ഡോളറാണ് (49.30 ലക്ഷം കോടി രൂപ) 2018 ൽ മാത്രം പ്രവാസികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഏറ്റവുമധികം പണം അയച്ചതും ഇന്ത്യക്കാർ തന്നെ– 7860 കോടി ഡോളർ (5.62 ലക്ഷം കോടി രൂപ)
ഏറ്റവുമധികം പേർ ജോലിക്കു വേണ്ടി താൽക്കാലികമായി വിദേശത്തു കഴിയുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. യുഎഇയിലെ ജനസംഖ്യയിലെ 90 ശതമാനം പ്രവാസികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം ജനങ്ങൾ പലായനം ചെയ്ത രാജ്യം സിറിയ ആണ് (61 ലക്ഷം). രണ്ടാമത് കൊളംബിയയും (58 ലക്ഷം) തൊട്ടു പിന്നിൽ കോംഗോയും (31 ലക്ഷം).ഏറ്റവുമധികം അഭയാർഥികളെ സൃഷ്ടിക്കുന്ന രാജ്യവും സിറിയ തന്നെ.ഇതേസമയം, ലോകത്തെ ആകെ ജനസംഖ്യയുടെ 3.5 % മാത്രമാണ് പ്രവാസികളെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post