ആഗോള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി . ട്രംപും മോദിയും ഉൾപ്പെടെയുള്ള നേതാക്കൾ ദേശീയ താൽപ്പര്യങ്ങളെക്കുറിച്ചും അതിർത്തികൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഇടതുപക്ഷം ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപിക്കുന്നുവെന്ന് അവർ പറഞ്ഞു. യുഎസിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മെലോണി.
1990കളിൽ ബിൽ ക്ലിന്റണും ടോണി ബ്ലെയറും ഗ്ലോബൽ ലെഫ്റ്റിസ്റ്റ് ലിബറൽ നെറ്റ്വർക്ക് സൃഷ്ടിച്ചപ്പോൾ, അവരെ രാഷ്ട്രതന്ത്രജ്ഞർ എന്നാണ് വിളിച്ചിരുന്നത്, എന്ന് മെലോണി പറഞ്ഞു. ഇന്ന് ട്രംപ്, മെലോണി, മില്ലി (അർജന്റീന പ്രസിഡന്റ്) മോദി എന്നിവർ സംസാരിക്കുമ്പോൾ അവരെ ജനാധിപത്യത്തിന് ഭീഷണിയായി വിശേഷിപ്പിക്കുന്നു. ഇവ ഇരട്ടത്താപ്പുകളാണ്, നമ്മൾ അവയുമായി പരിചിതരായിത്തീർന്നിരിക്കുന്നു. നല്ല വാർത്ത എന്തെന്നാൽ ആളുകൾ ഇനി അവരുടെ നുണകൾ വിശ്വസിക്കില്ല എന്നതാണ്. പൗരന്മാർ ഞങ്ങൾക്ക് വോട്ട് ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.
ഇടതുപക്ഷ ലിബറലുകൾ ഈ നേതാക്കൾക്കെതിരെ എത്ര ചെളി വിതറിയിട്ടും, ആളുകൾ അവർക്ക് വോട്ട് ചെയ്യുന്നത് അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാരായതു കൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് മെലോണി പരിഹാസം തുടർന്നു. ഞങ്ങൾ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രങ്ങളെ സ്നേഹിക്കുന്നു. ഞങ്ങൾക്ക് സുരക്ഷിതമായ അതിർത്തികൾ വേണം. ഞങ്ങൾ ബിസിനസുകളെയും പൗരന്മാരെയും സംരക്ഷിക്കുന്നു. ഞങ്ങൾ ലോകമെന്ന കുടുംബത്തെയും ജീവിതത്തെയും സംരക്ഷിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള പവിത്രമായ അവകാശത്തെ ഞങ്ങൾ സംരക്ഷിക്കുന്നു എന്ന് മെലോണി കൂട്ടിച്ചേർത്തു.
ട്രംപിന്റെ വിജയം ഇടതു പക്ഷത്തെ അസ്വസ്ഥരാക്കുന്നു. അവരുടെ അസ്വസ്ഥത ഹിസ്റ്റീരിയയായി മാറിയെന്നും ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക നേതാക്കൾ ആഗോള വിഷയങ്ങളിൽ വിജയിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിൽ അവർ ആശങ്കാകുലരാണെന്നും മെലോണി പറഞ്ഞു.
Discussion about this post