ഡല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള 22,800 കോടി രൂപയുടെ പദ്ധതിക്കു പ്രതിരോധ അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്കു അംഗീകാരം നല്‍കിയത്.
അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സേനാംഗം ഉപയോഗിക്കുന്ന തോക്കില്‍ ഘടിപ്പിക്കാനുള്ള രാത്രികാഴ്ചാ ഉപകരണം കരസേനയ്ക്കു ലഭ്യമാക്കും. ഇരുട്ടിന്റെ മറവിലും ഏതു കാലാവസ്ഥയിലും ശത്രുവിനു നേരെ വെടിയുതിര്‍ക്കാന്‍ ഇതു സഹായിക്കും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി ഇവ നിര്‍മിക്കാനാണ് തീരുമാനം.
അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം നടത്തുന്നതിന് അത്യാധുനിക റഡാറുകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ വ്യോമസേനയ്ക്കായി വാങ്ങും. തീരസുരക്ഷ ഉറപ്പാക്കാനും നിരീക്ഷണത്തിനുമുള്ള ഇരട്ട എന്ജിന് ഹെലികോപ്റ്ററുകള്‍ കോസ്റ്റ് ഗാര്‍ഡിനു ലഭ്യമാക്കും.
Discussion about this post