ഡൽഹി: സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പുനരുദ്ധാരണ നടപടികൾ മികച്ച പ്രതികരണം നേടി മുന്നേറുന്നു. വിപണയിലേക്ക് ധനം എത്തിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം പൊതുമേഖലാ ബാങ്കുകൾ സംഘടിപ്പിച്ച വായ്പാ മേള വൻ വിജയമാകുന്നതായാണ് റിപ്പോർട്ടുകൾ. ഉത്സവകാല വായ്പാമേളയുടെ ഭാഗമായി 4.91 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ കർഷകർക്ക് വായ്പയായി നൽകിയത്.
സർക്കാരിന്റെ പ്രായോഗികവും സുതാര്യവുമായ നടപടികളുടെ ഭാഗമായി ബാങ്കുകളിൽ ശേഖരിക്കപ്പെട്ട പണം പൊതുവിപണിയിൽ ഇറക്കുക എന്ന നയമാണ് വിജയം കാണുന്നത്. പ്രയോജനകരമായ രീതിയിൽ ഈ പണം വിനിയോഗിക്കാൻ കർഷകർക്ക് സാധിച്ചതായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
രാജ്യത്തെ 374 ജില്ലകളിലാണ് തദ്ദേശീയ സാമ്പത്തികാവശ്യം നിറവേറ്റുന്നതിനായി വായ്പാ മേളകൾ സംഘടിപ്പിച്ചത്. എം.എസ്.എം.ഇകൾ, കർഷകർ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾ, വ്യക്തികൾ തുടങ്ങിയവർക്ക് മേളയിൽ പരിഗണന ലഭിച്ചു.
ഒക്ടോബറിൽ 2.52 ലക്ഷം കോടി രൂപയും നവംബറിൽ 2.39 ലക്ഷം കോടി രൂപയുമാണ് പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകിയത്.ഇത് സർവ്വകാല റെക്കോർഡാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളിലും നടപടിക്രമങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെയായിരുന്നു വായ്പാ വിതരണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
Discussion about this post