തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സർക്കാർ നടപടിക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് മുൻ ഗവർണർ പി.സദാശിവം. ഗവർണർക്ക് തൃപ്തിവരുന്നതുവരെ വിശദീകരണം ചോദിക്കാൻ കഴിയും. സർക്കാർ നീക്കങ്ങൾ ഗവർണറെ മുൻകൂട്ടി അറിയിക്കണമെന്നും എന്നാൽ ഇതിൽ ഭരണഘടനാപരമായ ബാധ്യത ഇല്ലെന്നും പി.സദാശിവം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സംസ്ഥാന നിയമസഭയ്ക്ക് ഏത് നിയമത്തിനെതിരെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. അതിനകത്ത് ഭരണഘടനാ വിരുദ്ധ നടപടി ഉള്ളതായി തോന്നുന്നില്ലെന്നും സദാശിവം വ്യക്തമാക്കി.
”മര്യാദയുടെ പുറത്ത് ഗവർണറെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഭരണഘടനാ ബാധ്യതയില്ല. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവർണറെ കണ്ടാണ് കാര്യങ്ങൾ വിശദീകരിക്കേണ്ടത്. എന്തുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നു ഗവർണറോട് വിശദീകരിക്കണം. എല്ലാ പ്രധാന വിഷയങ്ങളിലും ഇതു ബാധകമാണ്. നേരിട്ട് സുപ്രീംകോടതിയിൽ പോയതിലെ ശരിതെറ്റുകൾ സുപ്രീംകോടതി തീരുമാനിക്കും. തന്റെ കാലയളവിൽ ഇങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ല. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി”യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post