മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചു.കാടാമ്പുഴ കൂട്ടാടമ്മല്‍ തെക്കത്തില്‍ അന്‍വര്‍ സാദിഖി (36) ന് അഞ്ചു വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി വിധിച്ചത്.
പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിയില്‍ പറയുന്നു.
കൂടാതെ പീഡനത്തിനിരയായ കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികള്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.
2014 നവംബര്‍ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. മദ്രസ വിദ്യാര്‍ത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ് കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടികള്‍ നല്കിയ പരാതിയില്‍ നവംബര്‍ പത്തിന് കാടാമ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാള്‍ കൂടിയാണ് പ്രതിയായ അന്‍വര്‍ സാദിഖ്.
Discussion about this post