ലഖ്നൗ: മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐആര്‍സിടിസിയുടെ പുതിയ ട്രെയിൻ മഹാകാല്‍ എക്സ്പ്രസ് ഞായറാഴ്ച വാരാണസിയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്വകാര്യ ട്രെയിനാണിത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കാശി മഹാകല്‍ എക്സ്പ്രസ് വാരണാസി, ഇന്‍ഡോര്‍ എന്നീ ക്ഷേത്ര നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
ഈ ട്രയിനില്‍ ഭക്തരെ ഏറെ ആകര്‍ഷിക്കുക ഇതിനകത്ത് ഒരുക്കിയിരിക്കുന്ന ശിവക്ഷേത്രമായിരിക്കും എന്നതിൽ സംശയമില്ല. ട്രെയിനില്‍ കാശി വിശ്വനാഥ്, ഓംകരേശ്വര്‍. ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ചെറിയ ശിവക്ഷേത്രത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥന് പൂജചെയ്യുന്നതിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.
ട്രെയിനിനകത്തെ ഒരു സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. എഎന്‍ഐ പുറത്തുവിട്ട ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം. തീവണ്ടിയിലെ ബി ഫൈവ് കോച്ചിലെ 64-ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. ഇത് ശിവനായി സംവരണം ചെയ്യപ്പെട്ട സീറ്റാണെന്ന് റയില്‍വെ അധികൃതര്‍ പറയുന്നു.
വാരാണസി, ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ്. ഹിന്ദു വിശ്വാസപ്രകാരം ശിവഭക്തര്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന സ്ഥലങ്ങളാണ് വാരാണസിയും ഇന്‍ഡോറും. ഇവിടെയാണ് ജ്യോതിര്‍ലിംഗങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് വിശ്വാസം.
ട്രെയിനിനകത്ത് ശിവക്ഷേത്രമുള്ളത് ഭക്തര്‍ക്കിടയില്‍ വലിയ പ്രചാരമുണ്ടാക്കുമെന്നുമാണ് റയില്‍വെ അധികൃതര്‍ പറയുന്നു. ഇന്ത്യയിലൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്ന വേളയിലാണ് ട്രെയിനനകത്ത് ക്ഷേത്രം ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 21നാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ട്രെയിനുകളില്‍ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം ഉദ്ഘാടനസമയത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചിരുന്നു.
Discussion about this post