ഇസ്ലാമാബാദ്: മതം മാറാനും, മുസ്ലീം യുവാവിനെ വിവാഹം കഴിക്കാനും ഒരുക്കമല്ലെന്ന് തുറന്ന് പറഞ്ഞ ഹിന്ദു പെൺകുട്ടിയെ അഭയകേന്ദ്രത്തിൽ അയച്ച് പാക് കോടതി. 18 വയസ്സ് തികയുന്നതു വരെ അഭയകേന്ദ്രത്തിൽ കഴിയാനാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തി.
അതേസമയം പെൺകുട്ടിയ്ക്കെതിരെ വധഭീഷണി മുഴക്കി വിവിധ ഇസ്ലാം സംഘടനകൾ രംഗത്തെത്തിയിരുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു കോടതി നടപടികൾ. ഇതുവരെ താമസിച്ചിരുന്ന ലാർക്കാനയിലെ ദാർ-ഉൽ-അമാനിൽ നിന്ന് മെഹാക്കിനെ അടുത്തുള്ള ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റണമെന്ന് ജക്കോബാബാദ് അഡീഷണൽ സെഷൻ ജഡ്ജി II ഗുലാം അലി കാൻസിറോ ഉത്തരവിട്ടു. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനും കോടതി പോലീസിന് നിർദ്ദേശം നൽകി.
സിന്ധ് ശിശു വിവാഹ നിയന്ത്രണ നിയമത്തിലെ സെക്ഷൻ 3, 4 ലംഘിച്ച മുസ്ലീം യുവാവ് അലി റാസയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ലാർക്കാന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനും മുതിർന്ന പോലീസ് സൂപ്രണ്ടിനും കോടതി നിർദേശം നൽകി.
ഇസ്ലാം സംഘടനകൾ പെൺകുട്ടിയ്ക്കെതിരെ വധഭീഷണി മുഴക്കി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ തന്നെ ശരീയത്ത് നിയമമനുസരിച്ച് മെഹകിന് വധശിക്ഷ നൽകണമെന്ന് പാക് മുസ്ലീം പുരോഹിതർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സെഷന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ‘നീതി’ ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം പുരോഹിതർ വ്യക്തമാക്കിയത്.
അതേസമയം മെഹകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തുന്നുണ്ട്. മെഹക് കുമാരിയുടെ മോചനത്തിനായി ലണ്ടനിലെ പാക് ഹൈക്കമ്മിഷണര്‍ ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
ജനുവരി 15 നാണ് സിന്ധ് പ്രവിശ്യയിലെ ജക്കോബാബാദ് നിവാസിയായ മെഹക് കുമാരിയെ രണ്ടുതവണ വിവാഹിതനും 4 കുട്ടികളുടെ പിതാവുമായ അലി റാസ എന്ന മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ഇസ്ലാം മതം സ്വീകരിക്കാനും, തന്നെ വിവാഹം കഴിക്കാനും പ്രതി മെഹക് കുമാരിയെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ മെഹക് തയ്യാറായില്ല. തുടർന്ന് യുവാവ് മെഹകിനെ മാനസിക പീഡനങ്ങൾക്കിരയാക്കുകയും നിർബന്ധിച്ച് ഇസ്ലാം വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
മെഹകിന്റെ പിതാവ് ഇതിനിടെ അലി റാസയ്ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ കോടതിയിൽ നടന്ന ആദ്യ വിചാരണയ്ക്കിടെ മുസ്ലീം പുരോഹിതരുടെ ഭീഷണിയെ തുടർന്ന് കാര്യങ്ങൾ തുറന്ന് പറയാൻ മെഹകിനു കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് വാദം കേൾക്കുന്നതിനിടെയാണ് താൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറല്ലെന്നും മുസ്ലീം യുവാവിനെ വിവാഹം കഴിക്കാൻ ഒരുക്കമല്ലെന്നും മെഹക് ജഡ്ജിയോട് പറഞ്ഞത്.
Discussion about this post