ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനവുമായി ഡൽഹി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ സുരക്ഷാ രംഗത്തെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡൽഹിയിൽ നടപ്പിലാക്കുമെന്ന് ഡൽഹി ധനകാര്യ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നത് പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകുമെന്നാണ് ഡൽഹി സർക്കാരിന്റെ കണക്ക് കൂട്ടൽ. ആയുഷമാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പിലാക്കാത്തതിന്റെ പേരിൽ ആം ആദ്മി പാർട്ടി നേരത്തെ തന്നെ വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ദേശീയ തലസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാത്തതിനെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമർശിച്ചിരുന്നു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്നവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ആരോഗ്യ സുരക്ഷയാണ്. കഴിഞ്ഞ മാർച്ച് മാസം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളായ 2.05 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തിരുന്നു. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യത്തിന് വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയം ആരോഗ്യ രംഗത്തും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുന്നത്. ശസ്ത്രക്രിയ, ചികിത്സ, മരുന്നുകൾ, രോഗനിർണ്ണയം, ആശുപത്രികളിലേക്കുള്ള യാത്രാ ചിലവ് എന്നിവ പദ്ധതിക്ക് കീഴിൽ വരും. പൊതു- സ്വകാര്യ മേഖലകളിലെ പതിനയ്യായിരത്തോളം ആശുപത്രികളാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2022 ഓടെ പൂർണ്ണാമായും നടപ്പിലാക്കപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ സർക്കാർ ആരോഗ്യ സംരക്ഷണ പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറും. അമേരിക്കയുടെയും മെക്സിക്കോയുടെയും കാനഡയുടെയും ആകെ ജനസംഖ്യയേക്കാൾ കൂടുതൽ പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post