കോട്ടയത്ത് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ചവര്‍ ഒളിച്ചുതാമസിക്കുന്നുവെന്ന വ്യാജപ്രചരണം നടത്തിയ പത്തോളം പേര്‍ അറസ്റ്റില്‍. കോട്ടയം തെക്കുംഗോപുരത്ത് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് സ്ഥിരീകരിച്ചവര്‍ ഒളിച്ചുതാമസിക്കുന്നുവെന്നായിരുന്നു പ്രചാരണം.
വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് ജോര്‍ജ് എന്നയാള്‍ ഉള്‍പ്പടെ പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
പള്ളിയില്‍ സംഘം ഒളിച്ചുതാമസിക്കുന്നു എന്നായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചത്. അഗ്‌നിശമനസേന അണുനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.
ഇതേത്തുടര്‍ന്ന് അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്.












