സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ ജനപ്രിയ പദ്ധതിയായ ‘പ്രിയദർശിനി’ 100 ദിവസം തികയ്ക്കുന്ന വേളയിൽ സംസ്ഥാനത്തെ ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറും ഗതാഗത മന്ത്രി സി.പി. ജോണും അറിയിച്ചു. 100-ാം ദിന ആഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപ്പോകൾ കേന്ദ്രീകരിച്ചും സൗജന്യ സാരികൾ വിതരണം ചെയ്യുമെന്നും, തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ഗതാഗത മന്ത്രി സി.പി. ജോൺ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്നുമായിരുന്നു നവമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചത്.
എന്നാൽ, പദ്ധതി 100 ദിനങ്ങൾ പിന്നിടുന്നതിൽ ഔദ്യോഗികമായി ആഘോഷ പരിപാടികൾ മാത്രമാണ് സംഘടിപ്പിക്കാൻ നിർദ്ദേശിച്ചതെന്നും സാരി വിതരണം ചെയ്യുമെന്ന വാർത്ത തികച്ചും തെറ്റാണെന്നും മന്ത്രി സി.പി. ജോൺ തെളിച്ചുപറഞ്ഞു. പദ്ധതിയുടെ ശോഭ കെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ അന്വേഷണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ കെഎസ്ആർടിസി എംഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി നേരിട്ട് കടുത്ത അതൃപ്തി അറിയിച്ചു.











