ചെന്നൈ: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നീ അഞ്ച് നഗരങ്ങളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യസാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രമാണ് ലഭിക്കുക. ഗതാഗതവും പൂര്‍ണമായും വിലക്കി.
ചെന്നൈ, മധുരെ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ഏപ്രില്‍ 26 വൈകീട്ട് ആറു മുതല്‍ 29 വരെയാണ് അടച്ചിടുക. തിരുപ്പൂരിലും സേലത്തും 26 മുതല്‍ 28 വരെയും അടച്ചിടും. ചെന്നൈയില്‍ 400 ലേറെ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ 134 ഉം തിരുപ്പൂരില്‍ 110ഉം കൊറോണ ബാധിതരാണുള്ളതാണ്.
ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അമ്മ കാന്റീനുകളും തുറന്നു പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ സാമൂഹിക അടുക്കളകള്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും സേവനം നല്കുന്ന സംഘടനകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചവരെ തുറക്കാം. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. കൊറോണ വ്യാപന മേഖലകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 1,629 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് 18 പേര് മരിക്കുകയും ചെയ്തു.
Discussion about this post