മുംബൈ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള പത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 11 നില കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. മുംബൈയിലൈ ബാന്ധ്രയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ പ്രധാന ആസ്തികളില്‍ ഒന്നായ കെട്ടിടമാണ് കണ്ടുകെട്ടിയത്. 16.38 കോടി രൂപ വിലമതിക്കുന്നതാണ് ഈ കെട്ടിടം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.
കോടികള്‍ വിലമതിക്കുന്ന കെട്ടിടം അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തുച്ഛമായ വിലക്ക് 1983ലാണ് കോണ്‍ഗ്രസ് ഈ കെട്ടിടം സ്വന്തമാക്കിയത്.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ ആസ്തികള്‍ യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികള്‍ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സാമിയാണ് കോടതിയെ സമീപിച്ചത്.








