ചെന്നൈ: മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് രജനികാന്ത്. ലോക്ക് ഡൗണിനിടയിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സൂപ്പർ താരത്തിന്റെ പ്രതികരണം.
‘ഈ സമയത്ത് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’ രജനികാന്ത് ട്വീറ്റ് ചെയ്തു. ഖജനാവുകള്‍ നിറക്കാന്‍ മറ്റ് വഴികൾ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ക് ഡൗൺ കഴിയുന്നതുവരെ മദ്യഷോപ്പുകള്‍ തുറക്കരുതെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ അപ്പീൽ നൽകിയിരുന്നു. വിധി സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവിൽപ്പനയും വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കലും പ്രായോഗികമല്ല. നിയമപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നശേഷമേ ഓണ്‍ലൈന്‍ വില്‍പ്പന സാധ്യമാവുകയുള്ളൂവെന്നും അപ്പീലിൽ പറഞ്ഞിരുന്നു.










