കൊച്ചി: വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി സഫര്‍ ഷായെ വീണ്ടും അറസ്റ്റിൽ. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. നേരത്തെ, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ജാമ്യം നേടിയതെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും സഫര്‍ ഷായെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടത്.
ഇയാൾക്ക് ജാമ്യം നല്‍കിയത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സഫര്‍ ഷാ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. മെയ് 30 നാണ് പ്രോസിക്യൂഷന്റെ വീഴ്ചയെ തുടര്‍ന്ന് സഫര്‍ ഷായ്ക്ക് ജാമ്യം ലഭിച്ചത്.
തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഫറിനെ ജനുവരി എട്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഏപ്രില്‍ 1 ന് വിചാരണ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായി 90 ദിവസം ആയിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷനും ഈ വാദം അംഗീകരിച്ചു. തുടര്‍ന്നാണ് പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്.
Discussion about this post