കൊച്ചി: നോക്ക് കൂലി വിഷയത്തിലും, ക്ളിഫ് ഹൗസ് സമരത്തിലും സിപിഎം വിരുദ്ധ നിലപാടെടുത്ത പ്രമുഖ വ്യവസായി കൊച്ചൈസേഫ് ചിറ്റിലപ്പിള്ളിയോടുള്ള സമീപനമാണ് സിപിഎം തിരുത്തുന്നത്. നേരത്തെ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സിപിഎം നേതാക്കളും അണികളും ഉയര്‍ത്തിയിരുന്നത്. അതെല്ലാം മറന്ന് സിപിഎം നിയന്ത്രണത്തിലുള്ള ജൈവകര്‍ഷകരുടെ സംഘടന ചിറ്റിലപ്പിള്ളിയ്ക്ക് ആദരം ഒരുക്കുകയാണ്.
സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന കര്‍ഷക മഹാസംഗമവും ജൈവജീവിത സന്ദേശയാത്രയും ഉള്‍പ്പെടുന്ന ചടങ്ങിലാണ് അവയവദാനത്തിന് മാതൃക കാണിച്ച കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ ആദരിക്കുന്നത്. നടന് മമ്മൂട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കൊച്ചൗസേഫ് ചിറ്റലപ്പിള്ളിയ്ക്ക് പുറമെ ആരോഗ്യരംഗത്തെ സേവനം മുന്‍നിര്‍ത്തി കാന്‍സര്‍ ചികത്സ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്, ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ജൈവകര്‍ഷക സംഘടന പ്രവര്‍ത്തിക്കുന്നത്. 2013 ഡിസംബറില്‍ എല്‍.ഡി.എഫ് നടത്തിയ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതികരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ധ്യക്ക് അഞ്ചുലക്ഷം രൂപ ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു അത്. സന്ധ്യക്കും ചിറ്റിലപ്പിള്ളിക്കുമെതിരെ രംഗത്തുവന്ന എല്‍.ഡി.എഫ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ നാടകം കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു. സ്വന്തം സ്ഥാപനത്തിലേക്ക് വന്ന ചരക്കിറക്കി നോക്ക് കൂലിക്കെതിരെ ശക്തമായി പ്രതികരിച്ചതും സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകളെ ചൊടിപ്പിച്ചിരുന്നു.
പൊതുവേദിയിലും, സോഷ്യല്‍ മീഡിയകളിലും മറ്റും സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ വളരെ ശക്തമായ എതിര്‍പ്പ് ചിറ്റിലപ്പിള്ളിയ്ക്കെതിരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിറ്റിലപ്പിള്ളിയെ ആദരിക്കുക വഴി അദ്ദേഹത്തോടുള്ള സമീപനം തിരുത്തുകയാണ് സിപിഎം.
Discussion about this post