മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ശ്രീ ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി.നായര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിന്റെ സാന്നിധ്യം കേരള ടീമിന് നേട്ടമാകുമെന്നും ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീക്കു മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീജിത് വി.നായര്‍ അറിയിച്ചു.
താന്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിധ്യമായിരുന്ന സമയത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളി ആരോപണം ആണ് ശ്രീശാന്തിനു തിരിച്ചടിയായത്.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായില്ല.
പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്സ്മാന് വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം. ഇന്ത്യന്‍ ടീമില്‍ തിരികെ എത്താന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറയുന്നു. സെപ്റ്റംബറില്‍ വിലക്ക് തീര്ന്നശേഷമായിരിക്കും ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുക. കേരള ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കും വഴിതുറക്കും.
Discussion about this post